ദുബായിയില്‍ മലയാളി വിദ്യാര്‍ഥിയുടെ മരണ കാരണം ഹൃദയാഘാതം: ഫോറന്‍സിക് റിപ്പോര്‍ട്ട്


ദുബായ്: ദുബായില്‍ മരിച്ച 18-കാരനായ വൈഷ്ണവ് കൃഷ്ണ കുമാറിന്റെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന് സ്ഥിരീകരണം. ദുബായ് പോലീസ് നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും മാവേലിക്കര സ്വദേശിയുമാണ് വൈഷ്ണവ്. ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വൈഷ്ണവിന്റെ ആകസ്മിക വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അധ്യാപകരെയും ഞെട്ടിച്ച സംഭവമായിരുന്നു. 2024-ലെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ 97.4% മാർക്ക് നേടിയ വൈഷ്ണവിന് ഗോൾഡൻ വീസ ലഭിച്ചിരുന്നു. വി.ജി.കൃഷ്ണകുമാർ- വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ്. സഹോദരി- വൃഷ്ടി കൃഷ്ണകുമാർ.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോയി.

ഒക്ടോബര്‍ 21 ചൊവ്വാഴ്ചയാണ് വൈഷ്ണവ് മരണപ്പെട്ടത്. ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തതിന് തൊട്ടു പിന്നാലെയാണ് മരണം ഉണ്ടായത്. ദുബായില്‍ കുടുംബത്തോടൊപ്പമാണ് വൈഷ്ണവ് താമസിച്ചിരുന്നത്.

മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ക്ഷീണിതനായി വിശ്രമിക്കാന്‍ ഇരിക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായതായി പോലീസ് കുടുംബത്തെ അറിയിച്ചു. കുറച്ച്‌ കഴിഞ്ഞ് പരിസരത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് നടന്നു പോയ വൈഷ്ണവ് അവിടെ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. 

പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. അടിയന്തര സഹായം നല്‍കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

വൈഷ്ണവിന് മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പതിവായി വര്‍ക്ക് ഔട്ട് ചെയ്തും ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിച്ചിരുന്നു എന്നും കുടുംബം വ്യക്തമാക്കി.

അക്കാദമിക് രംഗത്തെ തിളക്കം

പഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങിയ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. 2024 ലെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ 97.4% മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡ് കരസ്ഥമാക്കി. 

മാർക്കറ്റിങ്, എന്റർപ്രണർഷിപ്പ് വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്കും നേടിയിരുന്നു. ഈ ഉന്നത നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വൈഷ്ണവിന് യു.എ.ഇ. ഗോൾഡൻ വീസ ലഭിച്ചത്.

ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലെ ഹെഡ് ഓഫ് സ്കൂൾ കൗൺസിൽ, മോഡൽ യുണൈറ്റഡ് നേഷൻസ് ക്ലബ്ബിന്റെയും ഡിബേറ്റിങ് സൊസൈറ്റിയുടെയും പ്രസിഡന്റ് എന്നീ നിലകളിലും വൈഷ്ണവ് പ്രവർത്തിച്ചിട്ടുണ്ട്. 

മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്. സംരംഭകനാകാൻ ആഗ്രഹിച്ച വൈഷ്ണവ്, വിദ്യാഭ്യാസത്തിനു പുറമെ സാമ്പത്തിക ഉപദേശങ്ങൾ, ലൈഫ്‌സ്റ്റൈൽ മോട്ടിവേഷൻ, വ്യായാമ മുറകൾ എന്നിവ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ഒട്ടേറെ കമ്പനികളിൽ ഇന്റേൺഷിപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ