ഷാർജ: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം നീളും. കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് തീരുമാനം.
ഇന്ന് കുഞ്ഞിന്റെ മൃതദേഹം ഷാർജയില്‍ സംസ്കരിക്കും എന്നായിരുന്നു വിപഞ്ചികയുടെ അമ്മയ്ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍, മൃതദേഹം സംസ്കരിക്കുന്നതില്‍ അനശ്ചിതത്വം നേരിടുന്ന സാഹചര്യത്തില്‍ സംസ്കരിക്കാൻ എത്തിച്ച മൃതദേഹം തിരികെ കൊണ്ടുപോയി. കോണ്‍സുലേറ്റ് കൂടുതല്‍ ചർച്ചകള്‍ക്ക് വിളിച്ചിട്ടുണ്ട്.
അതേ സമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ അടിയന്തര ഇടപെടലിന് അഭ്യർത്ഥിച്ചിട്ടുണ്ട്.
മകളുടെ മരണ കാരണമായ സാഹചര്യങ്ങളെക്കുറിച്ചും അതിന് പ്രേരണയുണ്ടാക്കിയവരെ കുറിച്ചും വിപഞ്ചികയുടെ അമ്മ മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യൻ കോണ്‍സുലേറ്റ് ഇടപെടണമെന്നും മകള്‍ക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം നാട്ടില്‍ സംസ്കരിക്കണമെന്നും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഒന്നിച്ച് നാട്ടില്‍ എത്തിക്കണമെന്നും അമ്മ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം നിയമപോരാട്ടം തുടരുകയാണ്.
ഷാർജ പൊലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
അതേ സമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.