കുവൈത്തിലെ മൻഗഫില്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് അജ്ഞാതന്റെ കുത്തേറ്റു


കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫില്‍ മലയാളി യുവാവിന് അജ്ഞാതന്റെ കുത്തേറ്റു. കോഴിക്കോട് കക്കോടി സ്വദേശി ബഷീറിനാണ് നട്ടെല്ലിന് കുത്തേറ്റത്.

പണം നല്‍കാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. യുവാവിനെ അദാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മൻഗഫ് പഴയ ഫിംഗർ ഓഫീസ് ഗ്രൗണ്ടിന് സമീപമാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മംഗഫില്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോകുന്ന വഴിക്ക് അറബി വേഷം ധരിച്ച ഒരാള്‍ ബഷീറിനെ സമീപിക്കുകയും, പോലീസ് ആണെന്ന് ആദ്യം പറയുകയും പിന്നീട് പേഴ്സും ഐഡിയും ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയതിനാൽ ബഷീർ പേഴ്സും ഐഡിയും നല്‍കാൻ വിസമ്മതിച്ചപ്പോള്‍, അക്രമി താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തുകയും സിവില്‍ ഐഡി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പുറകു വശത്തും തോളിലും കത്തി ഉപയോഗിച്ച്‌ കുത്തി വീഴ്ത്തിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. 

സുഹൃത്തുക്കളെത്തി യുവാവിനെ ഉടൻ തന്നെ ആംബുലൻസില്‍ അദാൻ ആശുപത്രിയിലെ എമർജൻസി വിഭാഗത്തില്‍ എത്തിച്ചു. 

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമണത്തില്‍ കത്തിയുടെ ഒരു ഭാഗം ശരീരത്തില്‍ ശേഷിച്ചിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തു.

സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ