വാഷിങ്‌ടൺ :ഗൂഗിൾ, മൈക്രോസോഫ്‌റ്റ് പോലുള്ള വൻകിട യുഎസ് ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്‌ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴില്‍ നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വാഷിങ്ടണിൽ എഐ ഉച്ചകോടിയിലാണ് മോദിയുടെ "ഉറ്റതോഴനായ' ട്രംപിന്റെ കൽപ്പന.
സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്കുവേണമെങ്കിലും ജോലി നല്‍കാമെന്ന വൻകിട ടെക് കമ്പനികളുടെ നിലപാട് ഇനി തുടരാനാകില്ലന്ന് ട്രംപ് ഭീഷണി മുഴക്കി. ‘പല ടെക് കമ്പനികളും അമേരിക്ക നല്‍കുന്ന ഇളവുകള്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്‌ടറികള്‍ നിര്‍മിക്കുകയും അയര്‍ലൻഡില്‍ ലാഭം പൂഴ്‌ത്തിവയ്‌ക്കുകയുമാണ് ചെയ്യുന്നത്. അമേരിക്കൻ പൗരന്‍മാരെ ഇത്തരം കമ്പനികൾ അവഗണിച്ചു. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ആ നാളുകള്‍ കഴിഞ്ഞു. ടെക്‌നോളജി കമ്പനികൾ അമേരിക്കയ്‌ക്കു വേണ്ടി, അമേരിക്കയെ മുന്നിൽനിർത്തി വേണം പ്രവർത്തിക്കാൻ’–-ട്രംപ് പറഞ്ഞു. ഉച്ചകോടിയിൽ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് മൂന്ന് എക്‌സിക്യൂട്ടീവ് ഓർഡറുകളിൽ ട്രംപ് ഒപ്പുവച്ചു. നിർമിതബുദ്ധി മേഖലയിൽ അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കുന്ന ഉത്തരവുകളാണിവ.
"സോഫ്റ്റ്‌വെയര്‍, ഹാർഡ്‌വെയർ മേഖലകളിലെ ഇന്ത്യക്കാർക്ക് വന്‍ തിരിച്ചടിയുണ്ടാക്കുന്നതാണ് ട്രംപിന്റെ നിലപാട്. അമേരിക്കൻ ടെക് കമ്പനികൾ രാജ്യത്തിനുപുറത്ത് നിക്ഷേപിക്കുന്നതിനെതിരെ ട്രംപ് മുൻപും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ കാര്യം അവർ നോക്കുമെന്നും ആപ്പിൾ ഇന്ത്യയിൽ ഐ ഫോൺ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ട്രംപ് സിഇഒ ടിം കുക്കിനോട് ദോഹയിൽ വച്ച് പറഞ്ഞിരുന്നു. ഇന്ത്യയിൽ നിർമിച്ച് അമേരിക്കയിലെത്തിക്കുന്ന ഐഫോണുകൾക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു"