ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 8.5 കോടി ബംബർ നേടി മലയാളി

 


ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ജാക്ക്പോട്ട് അടിച്ച് മലയാളി. തൃശൂർ സ്വദേശിയും ദുബായിൽ ലോജിസ്റ്റിക്ക് കമ്പനിയിൽ ഓപ്പറേഷൻ സൂപ്പർവൈസറുമായ സബീഷ് പേരോത്തിനാണ് ജാക്ക്പോട്ട് സമ്മാനമായ ഒരു മില്ല്യൺ ഡോളർ ലഭിച്ചത്. (ഏകദേശം 8.5 കോടി ഇന്ത്യൻ രൂപ).

42 കാരനായ സബീഷ് ജനിച്ചതും വളർന്നതും ദുബായിലാണ്. കഴിഞ്ഞ ആറുവർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണ ഒൻപത് കൂട്ടുകാർക്കൊപ്പം ചേർന്നാണ് ജൂലൈ നാലിന് ടിക്കറ്റ് എടുത്തത്. നമ്പർ അടിച്ചത് ഇനിയും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് സബീഷ് പറഞ്ഞു. ജാക്ക്പോട്ട് അടിച്ചു എന്ന് അറിയിച്ചപ്പോൾ പ്രാങ്ക് ഫോൺകോൾ ആയിരിക്കുമെന്നാണ്

കരുതിയത്. സ്തംഭിച്ചുപോയി ഒരു നിമിഷം. സമ്മാനത്തുക ഒൻപതുപേരുമായി കൃത്യമായി പങ്കുവെക്കും സബീഷ് പറഞ്ഞു. ഇനിയും ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് സബീഷ് ഖലീജ് ടൈംസിനോട് പറഞ്ഞു. മറ്റൊരു നറുക്കെടുപ്പിൽ ദോഹയിൽ താമസിക്കുന്ന റഷ്യൻ സ്വദേശി മയെൻ സലേഹിനും ജാക്ക്പോട്ട് സമ്മാനമായ ഒരു മില്ല്യൺ ഡോളർ അടിച്ചു. ജൂലൈ ഏഴിന് ഓൺലൈൻ വഴിയാണ് സലേഹ് ടിക്കറ്റ് എടുത്തത്. 26 വർഷമായി ദോഹയിൽ താമസിക്കുന്ന 57 കാരനായ സലേഹ് കഴിഞ്ഞ 15 വർഷമായി ടിക്കറ്റ് എടുക്കാറുണ്ട്. അസുലഭമുഹൂർത്തമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ജാക്ക്പോട്ട് അടിക്കുന്ന ആദ്യത്തെ റഷ്യക്കാരൻ കൂടിയാണ് സലേഹ്.

നറുക്കെടുപ്പിൽ നാല് പേർക്ക് ആഡംബര വാഹനങ്ങൾ സമ്മാനമായി ലഭിച്ചു. ചെക്ക് പൗരനായ ആലീസ് സെമിയാനോവ മെഴ്സിഡസ് ബെൻസ് S500 നേടി, ദുബായ് വിമാനത്താവളത്തിലെ പോർട്ടറായ ഇന്ത്യൻ പ്രവാസി ശ്രീധർ അങ്കം ഭിക്ഷപതി ബെയ്ലി ബെന്റേഗ വി-8 ന് അർഹനായി. മലയാളിയായ റോബി ദേവസ്സി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ മോട്ടോർബൈക്കും റാസൽ ഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് പ്രവാസി റോബർട്ട് മിഗൽസ് ബി എം ഡബ്ല്യൂ എസ്- 1000ഉം നേടി.

വളരെ പുതിയ വളരെ പഴയ