മസ്കത്ത്: ഒമാനിലെ മസ്കത്തില്‍ ഏകദേശം 1 മില്യണ്‍ റിയാലിന് (10 ലക്ഷം റിയാലിന്) മുകളില്‍ മൂല്യം വരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ആണ് യൂറോപ്യൻ പൗരന്മാരായ രണ്ട് വിനോദ സഞ്ചാരികളെ റോയല്‍ ഒമാൻ പൊലിസ് (ROP) അറസ്റ്റ് ചെയ്തത്.
ടൂറിസ്റ്റ് വിസയില്‍ സുല്‍ത്താനേറ്റില്‍ പ്രവേശിച്ച പ്രതികള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയത്.
മസ്കത്തിലെ ഗുബ്ര പ്രദേശത്തെ ജ്വല്ലറികള്‍ക്ക് സമീപമുള്ള ഒരു ഹോട്ടലില്‍ തങ്ങിയ ഇവർ, മോഷണത്തിനായി സ്ഥലം സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് ആസൂത്രണം നടത്തിയതെന്ന് മസ്കത്ത് ഗവർണറേറ്റ് പൊലിസ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.
പൊലിസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, പുലർച്ചെ 4 മണിയോടെയാണ് ഇരുവരും മോഷണം നടത്തിയത്. ഭിത്തി തുരക്കാൻ പൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ ജ്വല്ലറിയുടെ പിൻഭാഗത്തെ മതില്‍ തുരന്നാണ് ഇവർ അകത്തു കടന്നത്.
തുടർന്ന്, വലിയ അളവില്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും, ഒരു സേഫ് കുത്തിത്തുറന്ന് പണവും കവർന്നെടുക്കുകയും ചെയ്തു.
റോയല്‍ ഒമാൻ പൊലിസിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. അറസ്റ്റിലായ ഇരുവർക്കുമെതിരെ തുടർ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
