റിയാദ്: പ്രവാസികള്‍ അധ്വാനിച്ച പൈസ കൊടുത്തു വാങ്ങി സ്വന്തം നാടുകളിലേക്ക് അയക്കുന്ന സാധനങ്ങള്‍ കാർഗോ ഏജൻസികളുടെ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നു.
ലക്ഷണക്കിന് കിലോ സാധനങ്ങളാണ് ഇങ്ങനെ കെട്ടിക്കിടന്നും കരിഞ്ചന്തയില്‍ മറിച്ചു വിറ്റും പ്രവാസികള്‍ വഞ്ചിതരാവുന്നതെന്ന് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐ.ഡി.എ) ഭാരവാഹികള്‍ റിയാദില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അനധികൃത ഏജൻറുമാരാണ് തട്ടിപ്പുനടത്തുന്നതെന്നും അവർ ആരോപിച്ചു.
അംഗീകൃത സ്ഥാപനങ്ങള്‍ ഇല്ലാത്ത വ്യക്തികളും അനധികൃത ഏജൻസികളും മിനി പിക്കപ്പ് വാന്‍, നെയിം കാര്‍ഡ്, സ്റ്റിക്കര്‍, ബില്‍ എന്നിവ ഉപയോഗിച്ച് വളരെ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് ഡോർ ടു ഡോർ അയക്കാമെന്ന് വാഗ്ദാനം നല്‍കി സാധനങ്ങള്‍ ശേഖരിക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു.
കുറഞ്ഞ വിലക്ക് വില്‍പ്പന
ഇവര്‍ ശേഖരിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നാട്ടിലേക്ക് അയക്കപ്പെടാതെ റിയാദിലെ ഗോഡൗണുകളിലോ നാട്ടിലെത്തിയ ശേഷം വിതരണം ചെയ്യാപ്പെടാനാവാതെ അവിടുത്തെ ഗോഡൗണുകളിലോ കെട്ടിക്കിടക്കുകയും തുടര്‍ന്ന് കുറഞ്ഞ വിലക്ക് വില്‍പ്പനക്ക് വെക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഔദ്യോഗിക അംഗീകാരത്തോടെ മാന്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെന്ന നിലയിലുള്ള ഉത്തരവാദിത്വ ബോധത്തോടെ ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്ന് അവർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കുറഞ്ഞ നിരക്കില്‍ അയക്കാമെന്ന് പഞ്ഞ് സാധനം എടുക്കുന്ന ഇത്തരം അനധികൃത കാര്‍ഗോ ഏജൻസികളോട വ്യക്തികളോ അംഗീകൃത ഏജൻസികള്‍ വഴിയാണ് കാർഗോ അയക്കാൻ ശ്രമിക്കാറുള്ളത്. ഉപഭോക്താക്കളില്‍ നിന്ന് എടുക്കുന്ന സാധനങ്ങള്‍ അംഗീകൃത ഏജൻസികളെ കൊണ്ടുവന്ന് ഏല്‍പ്പിച്ച ശേഷം പേയ്മെൻറ് ഭാഗികമായി നടത്തിയ ശേഷം മുങ്ങുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
ബാക്കി പണം കൂടി വന്നിട്ട് അയക്കാമെന്ന് കരുതി ഏജൻസികള്‍ കാത്തിരിക്കും. എന്നാല്‍ കൊണ്ടുവന്ന് ഏല്‍പിച്ച ഏജൻറുമാരെ പിന്നെ കാണില്ല. അതോടെ അയക്കപ്പെടാതെ ഈ സാധനങ്ങള്‍ കെട്ടികിടക്കുന്ന സാഹചര്യമുണ്ടാവും.
2021 മെയ് രണ്ടിന് ജിദ്ദ, ദമ്മാം, റിയാദ് എന്നീ പ്രവിശ്യകളിലെ കാര്‍ഗോ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി രൂപവത്കരിക്കപ്പെട്ട ഐ.ഡി.എ ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉണർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പ്രവാസികള്‍ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കും. സംഘടനയുടെ മേല്‍നോട്ടത്തില്‍ എയർ കാർഗോക്ക് 13 റിയാലും സീ കാർഗോക്ക് ഏഴ് റിയാലും എന്ന നിലയില്‍ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ട്.
ഈ തുകയില്‍ കുറച്ച് കാർഗോ അയക്കാമെന്ന് പറഞ്ഞ് ഏജൻറുമാർ സമീപിച്ചാല്‍ തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ സാധനങ്ങള്‍ അയക്കാൻ ഏല്‍പ്പിക്കാവൂ.
വാർത്താ സമ്മേളനത്തില്‍ ഡോർ ടു ഡോർ കാർഗോ രംഗത്ത് പ്രവർത്തിക്കുന്ന അറബ്കോ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സെയ്യിദ്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.


