കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, ഉപയോഗം എന്നിവയ്ക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കുവൈത്തിൽ പ്രാബല്യത്തിൽ വന്നു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നതാണ് ഈ നിയമമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് അൽസ്വബാഹ് പറഞ്ഞു.
പുതിയ നിയമപ്രകാരം, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചു. കൂടാതെ, പിഴത്തുക 20 ലക്ഷം ദീനാർ (ഏകദേശം 54 കോടിയിലധികം ഇന്ത്യൻ രൂപ) വരെയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ:
* പ്രായപൂർത്തിയാകാത്തവരെ ഉപയോഗിച്ച് മയക്കുമരുന്ന് വിൽക്കുക.
* കുറ്റകൃത്യങ്ങൾ ആവർത്തിക്കുക.
* ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പ്രത്യേക സ്ഥലങ്ങളിൽ വെച്ച് കുറ്റകൃത്യം ചെയ്യുക.
* സംഘടിത മയക്കുമരുന്ന് ഗ്രൂപ്പുകൾ സ്ഥാപിക്കുക.
* മയക്കുമരുന്ന് കുത്തിവെച്ച് മറ്റൊരാളെ നിർബന്ധിച്ച് ഉപയോഗിപ്പിക്കുക.
മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയോ കടത്തുകയോ ചെയ്യുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവും ഉയർന്ന പിഴയും ലഭിക്കും. കുറ്റകൃത്യം ചെയ്യുമ്പോൾ അക്രമം നടന്നാൽ കോടതിക്ക് ശിക്ഷ ഇരട്ടിയാക്കാനും നിയമം അധികാരം നൽകുന്നു.
ചികിത്സയ്ക്കും പുനരധിവാസത്തിനും അവസരം:
അതേസമയം, കുറ്റവാളികൾക്ക് ശിക്ഷകളിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയും പുനരധിവാസവും തേടാനുള്ള അവസരവും പുതിയ നിയമം നൽകുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്തെ മയക്കുമരുന്ന് കടത്ത് 90 ശതമാനം കുറക്കാൻ സാധിച്ചതായും, ഈ വർഷം ഇതുവരെ ഒരു കോടി ലഹരി ഗുളികകൾ ഉൾപ്പെടെ മൂന്ന് ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.
