സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത, ഫാമിലി വിസിറ്റ് വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി

 


ജിദ്ദ: സൗദിയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഫാമിലി വിസിറ്റ് വിസ നടപടിക്രമങ്ങള്‍ വിദേശ മന്ത്രാലയം കൂടുതല്‍ എളുപ്പമാക്കി. വിസാ അപേക്ഷയും ട്രാക്കിംഗ് പ്രക്രിയയും നേരത്തെയുള്ളതിനേക്കാളും എളുപ്പത്തിലാക്കി. ഇതുവഴി പ്രവാസികളുടെയും സ്വദേശികളുടെയും വിസ നടപടിക്രമങ്ങള്‍ ലളിതമാക്കും.

ഇനി മുതൽ ഒരു സർക്കാർ ഓഫീസും സന്ദർശിക്കാതെ തന്നെ വിസാ അപേക്ഷാ സ്റ്റാറ്റസിന്റെ തല്‍ക്ഷണത്തിലുള്ള ഇലക്‌ട്രോണിക് ട്രാക്കിംഗ് ലഭ്യമാകും. കൂടുതല്‍ സുതാര്യമായ ഫീസ് പേയ്മെന്റ് സംവിധാനം, നൂതന ഇലക്‌ട്രോണിക് അവലോകന സംവിധാനം ഉപയോഗിച്ചുള്ള അപേക്ഷാ പരിശോധന, സന്ദര്‍ശന കാലയളവിലുടനീളം പ്രവാസിയുടെ ഇഖാമയുടെയും സന്ദര്‍ശകന്റെ പാസ്പോര്‍ട്ടിന്റെയും സാധുത ഉറപ്പുവരുത്തല്‍, ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി എല്ലാ ഡാറ്റയും കൃത്യമായി നല്‍കാനും രേഖകള്‍ അപ്ലോഡ് ചെയ്യാനുമുള്ള വിൻഡോ എന്നിവ ഫാമിലി വിസ്റ്റ് വിസാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വരുത്തിയ പുതിയ പരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

മാതാപിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ റിക്രൂട്ട് ചെയ്യാന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്ത് നിയമാനുസൃതം കഴിയുന്ന പ്രവാസികള്‍ക്കും ഫാമിലി വിസിറ്റ് വിസ ലഭിക്കും. അപേക്ഷക്ക് അംഗീകാരം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്.

ബന്ധുവിന്റെ സന്ദര്‍ശന കാലയളവിലുടനീളം പ്രവാസിയുടെ ഇഖാമക്ക് സാധുതയുണ്ടായിരിക്കണം, സന്ദര്‍ശകന്റെ പാസ്പോര്‍ട്ട് അവരുടെ സൗദിയിലേക്കുള്ള പ്രവേശനത്തിന്റെയും രാജ്യത്തു നിന്ന് പുറത്തുകടക്കലിന്റെയും മുഴുവന്‍ കാലയളവിലും സാധുതയുള്ളതായിരിക്കണം, ഇലക്‌ട്രോണിക് ഫോമില്‍ കൃത്യവും ശരിയായതുമായ വിവരങ്ങള്‍ നല്‍കണം, രക്ഷിതാവിന്റെ ഒപ്പമല്ലെങ്കില്‍ സന്ദര്‍ശകന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ്, സാലറി സര്‍ട്ടിഫിക്കറ്റ് പോലെ സന്ദര്‍ശകന്റെ താമസ, ഗതാഗത ചെലവുകള്‍ വഹിക്കാന്‍ മതിയായ സാമ്പത്തിക സ്രോതസ്സുകളുടെ തെളിവ്, സന്ദര്‍ശന വേളയില്‍ സൗദി നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കല്‍ എന്നിവ ഫാമിലി വിസിറ്റ് വിസക്കുള്ള വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.


വിദേശ മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് വിസാ സേവന പ്ലാറ്റ്ഫോമില്‍ പ്രവേശിക്കല്‍, സ്വദേശികളുടെയും വിദേശികളുടെയും സേവനം തെരഞ്ഞെടുക്കല്‍, തുടര്‍ന്ന് വിദേശികള്‍ക്കുള്ള കുടുംബ സന്ദര്‍ശന അപേക്ഷ ഓപ്ഷന്‍ തെരഞ്ഞെടുക്കല്‍, ഇലക്ട്രോണിക് ഫോം കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കല്‍, രേഖകള്‍ ഇലക്‌ട്രോണിക് ആയി അപ്ലോഡ് ചെയ്യല്‍, ഫോമില്‍ തൊഴിലുടമ (സ്പോണ്‍സര്‍) ഒപ്പുവെക്കല്‍, ചേംബര്‍ ഓഫ് കൊമേഴ്സില്‍ നിന്ന് ഇലക്‌ട്രോണിക് അറ്റസ്റ്റേഷന്‍ നേടല്‍, വിസാ ഫീസ് ഉടനടി പ്ലാറ്റ്ഫോം വഴി ഇലക്‌ട്രോണിക് ആയി അടക്കല്‍, അംഗീകൃത വിസ രേഖയായി മാറുന്നതുവരെ അപേക്ഷയുടെ സ്റ്റാറ്റസ് തുടര്‍ച്ചയായി നിരീക്ഷിക്കല്‍, യാത്രാ ടിക്കറ്റ് ബുക്കിംഗിന് വിസ നമ്പര്‍ സന്ദര്‍ശകന് അയച്ച് നല്‍കല്‍ എന്നീ നടപടിക്രമങ്ങള്‍ വിസ നേടാന്‍ യഥാക്രമം പൂര്‍ത്തിയാക്കണം. അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ അപേക്ഷാ നമ്പര്‍ നല്‍കി കണ്‍ഫേം ക്ലിക്ക് ചെയ്താല്‍ സൗദി വിസ പ്ലാറ്റ്ഫോമിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ കഴിയും.

വളരെ പുതിയ വളരെ പഴയ