ദുബായ്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇളവുകള്‍ ബാധകമാണ്.
ഫ്രീഡം സെയിലിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫര്‍ ചെയ്യുന്നത്.
ആഭ്യന്തര യാത്രയ്ക്കുള്ള ടിക്കറ്റിന്റെ കുറഞ്ഞ നിരക്കുകള്‍ 1,279 രൂപ മുതലാണ് തുടങ്ങുന്നത്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകള്‍ 4,279 രൂപ മുതലും തുടങ്ങുന്നു. യുഎഇയിലെ സ്ഥലങ്ങളിലേക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനങ്ങളില്‍ ഓഫര്‍ ലഭ്യമാണ്.
ഓഗസ്റ്റ് 10 ഞായറാഴ്ച എയര്‍ലൈന്‍റെ വെബ്സൈറ്റ് വഴിയും ആപ്പിലൂടെയും ഓഫര്‍ ലഭ്യമാക്കി തുടങ്ങും. ഓഗസ്റ്റ് 15 വരെയാണ് ഓഫര്‍ കാലയളവ്.
ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ഓണം, പൂജ അവധി, ക്രിസ്മസ് ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളും ഈ കാലയളവില്‍ ഉള്‍പ്പെടുന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.
വിമാനക്കമ്പനിയുടെ എക്സ്പ്രസ് വാല്യൂ നിരക്കുകള്‍ ആഭ്യന്തര യാത്രകള്‍ക്ക് 1,379 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് 4,479 രൂപ മുതലും ആരംഭിക്കുന്നു.
ഈ നിരക്കുകളില്‍ സാധാരണ ചെക്ക്-ഇൻ ബാഗേജ് അലവൻസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികള്‍, മുതിർന്ന പൗരന്മാർ, സായുധ സേനാ ഉദ്യോഗസ്ഥർ, അവരുടെ ആശ്രിതർ എന്നിവർക്കായി പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.