യുഎഇയില്‍ അല്‍ മിര്‍സം: നിവാസികളും പ്രവാസികളുമടക്കമുള്ള വര്‍ ആശങ്കയില്‍


അബുദാബി: ഇക്കൊല്ലം ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് യുഎഇയില്‍ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. 

ഓഗസ്റ്റ് ആദ്യവാരം 51 ഡിഗ്രി സെല്‍ഷ്യസ് ആണ് യുഎഇയില്‍ താപനില രേഖപ്പെടുത്തിയത്. വീടിന് പുറത്തിറങ്ങുന്നതുതന്നെ വെല്ലുവിളിയാണെന്നാണ് യുഎഇ നിവാസികള്‍ പരാതിപ്പെടുന്നത്. 

യുഎഇ നിവാസികളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിക്കുന്നുണ്ടെങ്കിലും പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പുറത്തിറങ്ങുകയല്ലാതെ മറ്റു മാർഗ്ഗമില്ലാതെ വരുന്നു.

ഓഗസ്റ്റ് പത്തു വരെ യുഎഇയില്‍ താപനില ഉയർന്നു തന്നെ നില്‍ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

രാജ്യത്തെ ഏറ്റവും ചൂടേറിയ കാലയളവായി വിലയിരുത്തുന്ന 'അല്‍ മിർസം' എത്തിയതോടെ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധ‌ർ അറിയിക്കുന്നത്. 

ജൂലായ് 29 മുതല്‍ ഓഗസ്റ്റ് പത്തു വരെയുള്ള  കാലയളവാണ് അല്‍ മിർസം. ഉയർന്ന താപനിലയ്ക്കൊപ്പം 'സാമും' എന്നറിയപ്പെടുന്ന ശക്തമായ വേനല്‍ കാറ്റും ഉണ്ട‌ാവും. 

തീവ്രമായ വരണ്ട ഉഷ്ണ തരംഗങ്ങള്‍ മേഖലയില്‍ ആഞ്ഞടിക്കുമെന്നതിനാല്‍ ഈ കാലയളവ് 'വഖ്രത്-അല്‍-ഖായിസ്' എന്നും അറിയപ്പെടുന്നു.

ചൂട് ഉയരുന്നതിനാല്‍ സ്വകാര്യ മേഖലയില്‍ തൊഴിലിളവുകള്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്. വേനല്‍ക്കാലയളവില്‍ വ‌ർക്ക് ഫ്രം ഹോം പോലുള്ള ഹൈബ്രിഡ് വർക്ക് മോഡലുകള്‍ അനുവദിക്കണമെന്നും പലരും ആവശ്യപ്പെടുന്നു. 

ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കണമെന്നും പ്രവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ പറയുന്നു. ഇതിനായി ഡിജിറ്റല്‍ സഹായവും കമ്പനികള്‍ അനുവദിക്കണം.

 ഇത് ആരോഗ്യം സംരക്ഷിക്കുമെന്ന് മാത്രമല്ല, ഉത്‌പാദന ക്ഷമത വർദ്ധിപ്പിക്കുമെന്നുമാണ് അനേകം പേർ ചൂണ്ടിക്കാട്ടുന്നത്.

വളരെ പുതിയ വളരെ പഴയ