ദുബൈ: അൽ അവീറയിലെ ദുബൈ ഓട്ടോ സോണിൽ വൻതീപ്പിടിത്തം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. നിരവധി കാർ ഷോറൂമുകൾക്ക് വലിയ നാശ നഷ്ടമാണ് സംഭവിച്ചത്. അപകടം ഉണ്ടായതിന് ശേഷം ഷോറൂമുകൾ അടച്ചിടുകയും ചെയ്‌തു.
വി.ഐ.പി സ്റ്റാർസ് എന്ന ഷോറൂമിൽ നിന്നാണ് തീ ആരംഭിച്ചതെന്ന് ദൃക്സാക്ഷികളും ജീവനക്കാരും അറിയിച്ചു. തീ അതിവേഗം സമീപത്തെ മറ്റ് ഷോറൂമുകളിലേക്കും കടകളിലേക്കും വ്യാപിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തുകയും കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.
തീപിടിത്തത്തിൽ അൽ ഫലാസി കാർസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ട ജീവനക്കാർ വ്യക്തമാക്കി. ഇതുവരെ തീയിൽ പൂർണമായും നശിച്ച വാഹനങ്ങളുടെ കൃത്യമായ എണ്ണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് തീപിടിത്തകാരണം വ്യക്തമാക്കാനായിട്ടില്ലെന്നും അന്വേഷണമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.