ടിര്‍സെപറ്റൈഡ് ഇന്‍ജക്ഷന്‍ മുതൽ പ്രമേഹ മരുന്നുകള്‍ വരെ: രോഗികള്‍ക്ക് ആശ്വാസമായി മരുന്നുകളുടെ വില കുറച്ച് കുവൈത്ത്


കുവൈത്ത് സിറ്റി: മെയ് മാസത്തില്‍ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിനെ തടര്‍ന്ന് രോഗികള്‍ക്ക് ആശ്വാസമായി മരുന്നുകളുടെ വില കുറച്ച് കുവൈത്ത്. ശരീര ഭാരം കുറക്കല്‍, പ്രമേഹ മരുന്നുകള്‍ അടക്കം പ്രധാനപ്പെട്ട മരുന്നുകളുടെ വില കുറച്ചു. 

ടിര്‍സെപറ്റൈഡ് (മൗഞ്ചാരോ) ഇന്‍ജക്ഷന്‍ വില 30 ശതമാനം തോതിലും, പ്രമേഹ മരുന്നായ വെഗോവിയുടെ വില 37.3 ശതമാനം തോതിലും പൊണ്ണത്തടി മരുന്നായ സാക്‌സെന്‍ഡയുടെ വില 20.8 ശതമാനവും കുറച്ചു.

പ്രമേഹവും അമിതവണ്ണവും നേരിടുന്ന രോഗികളുടെ ചെലവ് ലഘൂകരിക്കാനുള്ള പ്രധാന നീക്കമെന്നോണമാണ് ഇത്തരം മരുന്നുകളുടെ വില കുറച്ചത്. 

ആരോഗ്യ സംരക്ഷണ മേഖലയില്‍ താങ്ങാനാവുന്ന വില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 544 മരുന്നുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും വിലകള്‍ കുറച്ച് പുതിയ വിലകള്‍ അംഗീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചില മരുന്നുകളുടെ വില 78.5 ശതമാനം വരെ കുറച്ചിട്ടുണ്ട്. ഈ മരുന്നുകളില്‍ 144 എണ്ണത്തിന്റെ വിലകള്‍ ഇപ്പോള്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും കുറഞ്ഞ വിലകളില്‍ ഒന്നാണെന്ന് മന്ത്രാലയം പറഞ്ഞു. 

കാന്‍സര്‍ ചികിത്സകള്‍, ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍, ആസ്ത്മ എന്നിവക്കുള്ള മരുന്നുകളുടെയും സന്ധിവാതം, ചര്‍മ്മ വൈകല്യങ്ങള്‍, വന്‍കുടല്‍ രോഗങ്ങള്‍ തുടങ്ങിയ വിട്ടു മാറാത്ത രോഗങ്ങള്‍ക്കുള്ള ബയോളജിക് തെറാപ്പികള്‍ എന്നിവയുള്‍പ്പെടെ വിവിധ അവസ്ഥകള്‍ക്കുള്ള അവശ്യ മരുന്നുകളുടെ വിലകളും കുറച്ചിട്ടുണ്ട്.

ആരോഗ്യ സംരക്ഷണ മേഖലയില്‍ സാമ്പത്തിക കാര്യക്ഷമത വര്‍ധിപ്പിക്കാനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചികിത്സകള്‍ താങ്ങാനാവുന്ന വിലയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാനുമായി മരുന്നുകളുടെ വില തുടര്‍ച്ചയായി അവലോകനം ചെയ്യാനും ക്രമീകരിക്കാനുമുള്ള ദേശീയ നയത്തിന്റെ ഭാഗമാണ് വില കുറക്കാനുള്ള പുതിയ തീരുമാനം. 

അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാനായി വിപണികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ആരോഗ്യ സംരക്ഷണ ചെലവ് മാനേജ്‌മെന്റിന് സ്ഥിരവും സുസ്ഥിരവുമായ സമീപനത്തിന് അടിവരയിട്ട്, ഈ വര്‍ഷാദ്യം 1,188 മരുന്നുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും വില നിര്‍ണയ ക്രമീകരണങ്ങള്‍ മന്ത്രാലയം അംഗീകരിച്ചിരുന്നു. 

2025 മാര്‍ച്ച്, മെയ്, ജൂലൈ മാസങ്ങളിലും ടിര്‍സെപറ്റൈഡ് അടക്കം ചില മരുന്നുകളുടെ വില കുറച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ