കുവൈത്ത്: രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും താമസ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താനായി നടത്തിയ പരിശോധനയില്‍ 258 പേർ അറസ്റ്റിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ നിർദേശപ്രകാരവും, നാഷണാലിറ്റി ആന്റ് റെസിഡൻസി സെക്ടർ മേധാവി ബ്രിഗേഡിയർ ജനറല്‍ ഫവാസ് അല്‍-റൂമിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസാണ് ഈ പരിശോധന നടത്തിയത്.
അറസ്റ്റിലായവരില്‍ ജോലിയില്‍നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍, റെസിഡൻസി പെർമിറ്റ്, വിസ കാലാവധി കഴിഞ്ഞവർ, വിവിധ കേസുകളില്‍ അന്വേഷിക്കുന്നവർ തുടങ്ങിയവർ ഉള്‍പ്പെടുന്നതായി മന്ത്രാലയം അറിയിച്ചു.
താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെയും, നിയമവിരുദ്ധ തൊഴിലാളികളെയും നിരീക്ഷിക്കുന്നതിനും, സുരക്ഷയും പൊതു സമാധാനവും ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും അധികൃതർ തങ്ങളുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കി. കൂടാതെ, താമസ, തൊഴില്‍ നിയമങ്ങള്‍ കർശനമായി നടപ്പാക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.