കുവൈത്തിൽ പരിശോധനകള്‍ ശക്തമാക്കി; പ്രവാസി സ്ത്രീ നടത്തിയ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ മിന്നല്‍ റെയ്ഡ്: മദ്യ വില്‍പ്പന നടത്തിയ ഇന്ത്യക്കാര്‍ പിടിയില്‍


കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വിഷ മദ്യ ദുരന്തത്തിനെ തുടർന്ന് പരിശോധനകള്‍ സുരക്ഷാ ഏജൻസികള്‍ ശക്തമാക്കിയ സാഹചര്യത്തിൽ ഫഹാഹീല്‍ പ്രദേശത്തെ ഒരു നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യ നിർമ്മാണ കേന്ദ്രത്തില്‍ അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.

മദ്യ നിർമ്മാണത്തിനുള്ള ഉപകരണങ്ങള്‍, അസംസ്കൃത വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു, കൂടാതെ, അബു ഹലീഫ പ്രദേശത്ത് മദ്യം വിതരണം ചെയ്തതിന് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. പ്രതികളെ തുടർനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കഴിഞ്ഞ ദിവസമുണ്ടായ രാജ്യത്തെ നടുക്കിയ വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാരുള്‍പ്പടെ 23 ഏഷ്യൻ പ്രവാസികള്‍ മരണപ്പെട്ടു.

 160-ലധികം പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുതല്‍ മെത്തനോള്‍ കലർന്ന അനധികൃത മദ്യം കഴിച്ചതിനാലാണ് നിരവധി പേര്‍ക്ക് വിഷബാധയേറ്റത്.

 23 പ്രവാസികള്‍ മരിച്ചു. 21 പേരുടെ കാഴ്ച നഷ്ടപ്പെടുകയും 61 പേർ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെടുകയും 160 പേർ അടിയന്തര ഡയാലിസിസിൽ തുടരുന്നതായും പലരും ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 

ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ദുരന്തത്തില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഏഷ്യൻ പ്രവാസികളാണ് മരണപ്പെട്ടത്. നിരവധി മലയാളികള്‍ മരണപ്പെട്ടതായാണ് റിപ്പോർട്ട്.

വളരെ പുതിയ വളരെ പഴയ