കഫേയിലേക്ക് പോകുന്നതിനിടയിൽ കാര്‍ നിര്‍ത്തി ഓടിയിറങ്ങി; 50കാരന്‍റെ ജീവൻ നിലയ്ക്കാതെ കാത്ത് സൗദിയിലെ യുവ നഴ്സ്


റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഹൃദയ സ്തംഭനം വന്ന 50 വയസുകാരന്റെ ജീവൻ ഒരു സൗദി യുവ വനിതാ നഴ്‌സിന്റെ അവസരോചിതമായ ഇടപെടൽ രക്ഷയായി.

അപകട സ്ഥലത്ത് വെച്ച്‌ തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനായി നഴ്‌സായ തഹാനി അല്‍അൻസി ഓടിയെത്തി. റിയാദ് നാഷണല്‍ ഗാർഡ് ആശുപത്രിക്ക് സമീപം കുടുംബത്തോടൊപ്പം ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത് കണ്ടതെന്ന് അല്‍അൻസി പറഞ്ഞു.

വാഹനം ഇടിച്ച ശേഷം റോഡിന് നടുവില്‍ കിടക്കുന്ന ഒരാളെ കണ്ടു- 'എന്റെ കുടുംബത്തിന്റെ കാർ റോഡിന്റെ മധ്യത്തില്‍ നിർത്തി, ഞാൻ എന്റെ സഹോദരനോടൊപ്പം പരിക്കേറ്റ ആളുടെ അടുത്തേക്ക് ഓടി. പക്ഷേ അയാള്‍ക്ക് ശ്വസിക്കാനാവുന്നില്ലെന്ന് മനസ്സിലായി. 

എന്റെ ചുറ്റുമുള്ളവരില്‍ നിന്ന് ഞാൻ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് ഞങ്ങള്‍ അദ്ദേഹത്തെ റോഡിന്റെ അരികിലേക്ക് മാറ്റിക്കിടത്തി ഉടൻ തന്നെ സി.പി.ആർ നല്‍കി'- അല്‍അൻസി പറഞ്ഞു.

കുറച്ച്‌ നിമിഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പള്‍സ് തിരികെ വന്നെങ്കിലും വീണ്ടും പൾസ് നിലച്ചതായി കണ്ടെത്തിയതിനാല്‍ സൗദി റെഡ് ക്രസന്റ് ടീം എത്തുന്നതു വരെ സിപിആർ ആവർത്തിച്ചു കൊണ്ടിരുന്നു. 

ശേഷം ഉടൻ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിക്ക് പുറത്ത് ജീവൻ രക്ഷിക്കാൻ താൻ ഇടപെടുന്നത് ഇതാദ്യമല്ലെന്ന് അല്‍അൻസി പറഞ്ഞു.

 'ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടാൻ എനിക്ക് കഴിയാറുണ്ട്. ഏത് സമയത്തും സ്ഥലത്തും ഒരു ജീവൻ രക്ഷിക്കുന്നത് ഓരോ ആരോഗ്യ പ്രവർത്തകന്‍റെയും മാനുഷിക കടമയായി ഞാൻ കണക്കാക്കുന്നു' എന്നാണ് അൽഅൻസി പറഞ്ഞത്.

വളരെ പുതിയ വളരെ പഴയ