അനധികൃത ടാക്‌സി സര്‍വീസ്: സൗദിയിൽ അഞ്ചു ദിവസത്തിനിടെ 318 പേര്‍ പിടിയില്‍

 


ജിദ്ദ : സൗദിയിൽ ലൈസന്‍സില്ലാതെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്‌സി സര്‍വീസ് നടത്തിയ 318 പേർ അറസ്റ്റിൽ. അഞ്ചു ദിവസത്തിനിടെയാണ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ 318 പേരെ പിടികൂടിയത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഈ മാസം 22 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ വിവിധ പ്രവിശ്യകളില്‍ നടത്തിയ ശക്തമായ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

അനധികൃത ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിച്ച 225 പേരും സ്വന്തം കാറുകളില്‍ യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്‍കിയ 93 പേരുമാണ് അഞ്ചു ദിവസത്തിനിടെ പിടിയിലായതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. ഗതാഗത മേഖലയില്‍ മത്സരശേഷി വര്‍ധിപ്പിക്കുക, ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്തുക, യാത്രക്കാരുടെ സുരക്ഷക്കായി ഹാനികരമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയുടെ ഭാഗമായാണ് പരിശോധന നടത്തുന്നത് എന്ന് അതോറിറ്റി വ്യക്തമാക്കി. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന് അനുസൃതമായി, ടാക്‌സി സര്‍വീസ് മേഖലയില്‍ നിയമപാലന തോത് വര്‍ധിപ്പിക്കാന്‍ പരിശോധനകള്‍ സഹായിക്കുന്നു.

പുതിയ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമം ലൈസന്‍സില്ലാതെയുള്ള ഗതാഗത സേവനങ്ങള്‍ വിലക്കുന്നുണ്ട്. ഇത് ലംഘിക്കുന്നവര്‍ കർശന നടപടി നേരിടേണ്ടി വരും. അനധികൃത ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 11,000 റിയാല്‍ വരെ പിഴയും 25 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. അനധികൃത ടാക്‌സികളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവരുടെ വാഹനം ലേലത്തില്‍ വില്‍ക്കാനും വിദേശികളെ നാടുകടത്താനും നിയമം അനുവദിക്കുന്നുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തൽ, യാത്രക്കാരെ ക്ഷണിക്കല്‍, യാത്രക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി വിളിക്കല്‍, അവരെ പിന്തുടരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, യാത്രക്കാരെ വിളിച്ചുകയറ്റാന്‍ വേണ്ടി യാത്രക്കാരുള്ള സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കല്‍ എന്നിവയെല്ലാം നിയമം വിലക്കുന്നതാണ്.

വളരെ പുതിയ വളരെ പഴയ