ഒമാൻ: ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. വിവിധ ഉത്പ്പന്നങ്ങള്‍ക്ക് വിലക്കുറവ് ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരയായത്. പ്രമുഖ ബ്രാന്റുകളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനായി സ്ഥാനപങ്ങളുടെ ലോഗോ ഉള്‍പ്പെടെ വ്യാജമായി നിര്‍മിക്കുകയും ചെയ്യുന്നു.
വിലക്കുറവില്‍ ആകൃഷ്ടരായി ഇടപാട് നടത്തിയ നിരവധി ആളുകള്‍ക്ക് വന്‍ തുക നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു.
തട്ടിപ്പ് സംഘങ്ങള്‍ക്കെതികെ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇടപാട് നടത്തുന്നതിന് മുമ്പ് പരസ്യത്തിന്റെ ആധികാരികത പരിശോധിക്കണം.
വെബ്‌സൈറ്റിന്റെയും ആപ്പുകളുടെയും വിശ്വാസ്യതയും ഉറപ്പു വരുത്തണം. പരസ്യങ്ങള്‍ക്കൊപ്പമുളള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ഹാക്ക് ചെയ്യപ്പെടാന്‍ ഇത് കാരണമാകും. ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന് അംഗീകൃത വെബ്‌സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. രാജ്യത്തിന് പുറത്ത് നിന്നാണ് പല സൈറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴിയുളള വ്യാപാര തട്ടിപ്പിനെതിരെ ശക്തമായ അന്വേഷണവും റോയല്‍ ഒമാന്‍ പോലീസ് ആരംഭിച്ചു. സൈബര്‍ സുരക്ഷാ വിദഗ്ധരുടെ പിന്തുണയോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിന് ഇരയാകുന്ന കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്