കുവൈത്ത് സിറ്റി: താമസ വിലാസം പുതുക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്. താമസ വിലാസ ഒരു മാസത്തിനകം പുതുക്കാൻ 546 വ്യക്തികളോട് പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ ആവശ്യപ്പെട്ടു.
പാസി മുഖേന നേരിട്ടോ അല്ലെങ്കില്‍ സർക്കാർ ആപ്ലിക്കേഷനായ സഹേല്‍ വഴിയോ വിലാസം പുതുക്കാം. വിലാസം നീക്കം ചെയ്ത വ്യക്തികളുടെ പേരുകള്‍ പാസി ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അല്‍-യൗമില്‍' പ്രസിദ്ധീകരിച്ചു.
ഉടമകളുടെ അഭ്യർത്ഥന പ്രകാരമോ അല്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതിനാലോ ആണ് ഇവരുടെ വിലാസങ്ങള്‍ സിവില്‍ ഇൻഫർമേഷൻ രേഖകളില്‍ നിന്ന് നീക്കം ചെയ്തതെന്ന് അതോറിറ്റി അറിയിച്ചു. നിർദ്ദേശം പാലിക്കാത്തവർക്ക് പിഴ ലഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
ഓരോ വ്യക്തിക്കും 100 കുവൈത്ത് ദിനാറാണ് പിഴ. വിലാസം പുതുക്കാത്ത വ്യക്തികളുടെ എണ്ണം അനുസരിച്ച് പിഴത്തുക വർധിക്കും. ബന്ധപ്പെട്ട എല്ലാവരും സമയ പരിധിക്കുള്ളില്‍ വിലാസം അപ്ഡേറ്റ് ചെയ്ത് നിയമ നടപടികള്‍ ഒഴിവാക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.