ദുബായിൽ ഡെലിവറി ബൈക്കുകൾക്ക് അതിവേഗ പാതകളിൽ നിയന്ത്രണം; നിയമം നവംബർ 1 മുതൽ


ദുബായ്: ദുബായിലെ അതിവേഗ പാതകളിൽ ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA)യും ദുബായ് പൊലീസും. 2025 നവംബർ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 

അഞ്ച് പാതകളോ അതിലധികമോ ഉള്ള റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഏറ്റവും ഇടത് വശത്തുള്ള രണ്ട് ലൈനുകൾ ഉപയോഗിക്കാൻ അനുവാദമില്ല. 

മൂന്നോ നാലോ ലൈനുകളുള്ള റോഡുകളിൽ ഏറ്റവും ഇടത് വശത്തുള്ള പാതയിലും പ്രവേശിക്കാൻ കഴിയില്ല. രണ്ട് ലൈനുകളോ അതിൽ കുറവോ ഉള്ള റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഏത് ലൈനും ഉപയോഗിക്കാം.

റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഈ തീരുമാനമെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

"ഡെലിവറി മേഖല സാമ്പത്തിക വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സേവന നിലവാരം ഉയർത്തുന്നതിനും, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ മേഖല വലിയ സംഭാവന നൽകുന്നു.

ദുബായ് സാമ്പത്തിക അജണ്ടയുടെ (D33) ലക്ഷ്യങ്ങൾക്കനുസരിച്ച് എമിറേറ്റിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനും, ഡെലിവറി കൂടുതൽ എളുപ്പമാക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമങ്ങളിൽ മാറ്റം വരുത്തുന്നത് ആർടി എയുടെ പ്രധാന ലക്ഷ്യമാണ്," അൽ ബന്ന കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഡെലിവറി മേഖലയിൽ വലിയ വളർച്ചയുണ്ടായി. ഇത് കണക്കിലെടുത്ത് ആർടിഎയുടെ ഭരണപരമായ ചട്ടക്കൂടിനുള്ളിൽ ട്രാഫിക് പഠനങ്ങൾ നടത്തിയാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്. 

ഗതാഗത നിയമങ്ങൾ പാലിക്കാത്ത റൈഡർമാർക്ക് ആദ്യ തവണ 500 ദിർഹവും, രണ്ടാമത്തെ തവണ 700 ദിർഹവും പിഴ ഈടാക്കും. മൂന്നാമതും നിയമ ലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.

മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പോകുന്നവർക്ക് ആദ്യ തവണ 200 ദിർഹവും, രണ്ടാമത്തെ തവണ 300 ദിർഹവും, മൂന്നാമത്തെ തവണ 400 ദിർഹവും പിഴ ഈടാക്കും.

അതിവേഗ പാതകളിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഡെലിവറി ബൈക്കുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ചു വരുന്നതായി സ്ഥിതിവിവര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം 854 അപകടങ്ങളും ഈ വർഷം 962 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് ഡെലിവറി ബൈക്ക് റൈഡർമാർക്കെതിരെ കഴിഞ്ഞ വർഷം 70,166 നിയമ ലംഘനങ്ങൾ ദുബായ് പൊലീസ് രേഖപ്പെടുത്തി. ഈ വർഷം ഇത് 78,386 ആയി ഉയർന്നു.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അപകടങ്ങൾ കുറയ്ക്കാനും, ഗതാഗത നിയമങ്ങൾ പാലിക്കാൻ റൈഡർമാർ നിർബന്ധിതരാവുകയും ചെയ്യുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

നിയമങ്ങൾ പാലിക്കുന്ന ഡെലിവറി കമ്പനികൾക്ക് "ഡെലിവറി സെക്ടർ എക്സലൻസ് അവാർഡ്" നൽകി ആദരിക്കും.


Permalink:


വളരെ പുതിയ വളരെ പഴയ