കുവൈത്ത് തൊഴിൽ വിപണിയിൽ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധനവ്; ഇന്ത്യക്കാർ മുന്നിൽ

 


കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ മേഖലയിൽ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധനവ്. ഗാര്‍ഹിക തൊഴിലാളികള്‍ അടക്കം കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 2.05 ശതമാനം തോതില്‍ വര്‍ധിച്ചു. ഈ വര്‍ഷം രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ തൊഴിലാളികള്‍ 29.9 ലക്ഷമാണ്. 2024 രണ്ടാം പാദത്തില്‍ തൊഴിലാളികള്‍ 29.3 ലക്ഷമായിരുന്നു. ആകെ തൊഴിലാളികളില്‍ സ്വദേശികള്‍ 15 ശതമാനം മാത്രമാണ്. തൊഴില്‍ വിപണിയില്‍ 4,48,920 കുവൈത്തികളും 25.4 ലക്ഷം പ്രവാസികളുമുണ്ട്.

ആകെ ജീവനക്കാരില്‍ 58.7 ശതമാനവും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ മേഖലയില്‍ 17.5 ലക്ഷം ജീവനക്കാരുണ്ട്. ഇതില്‍ 4.2 ശതമാനം മാത്രമാണ് സ്വദേശികള്‍. ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ളത് ഗാര്‍ഹിക തൊഴിലാളി മേഖലയിലാണ്. ആകെ ജീവനക്കാരില്‍ 25.3 ശതമാനം വീട്ടുജോലിക്കാരാണ്. 7,57,090 ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തിലുണ്ട്. മൂന്നാം സ്ഥാനത്ത് സര്‍ക്കാര്‍ മേഖലയാണ്. ഗവണ്‍മെന്റ് മേഖലയില്‍ 4,77,640 ജീവനക്കാരുണ്ട്. ആകെ തൊഴിലാളികളില്‍ 16 ശതമാനം സര്‍ക്കാര്‍ മേഖലയിലാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ 78.6 ശതമാനം കുവൈത്തികളാണ്.

കുവൈത്തിലെ ഏറ്റവും വലിയ തൊഴില്‍ സമൂഹം ഇന്ത്യക്കാരാണ്. രാജ്യത്ത് 8,92,540 ഇന്ത്യന്‍ തൊഴിലാളികളുണ്ട്. ആകെ തൊഴിലാളികളില്‍ 29.9 ശതമാനം ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ഈജിപ്തുകാരാണ്. ഈജിപ്തില്‍ നിന്നുള്ള 4,70,280 തൊഴിലാളികള്‍ കുവൈത്തിലുണ്ട്. തൊഴില്‍ വിപണിയില്‍ 15.7 ശതമാനം ഈജിപ്തുകാരാണ്. മൂന്നാം സ്ഥാനത്ത് കുവൈത്തികളാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ആകെ 4,48,920 സ്വദേശികള്‍ ജോലി ചെയ്യുന്നു. രാജ്യത്തെ ആകെ ജീവനക്കാരില്‍ 15 ശതമാനമാണ് കുവൈത്തികളെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.

വളരെ പുതിയ വളരെ പഴയ