ജിദ്ദ : സൗദിയിൽ നടന്ന വ്യാപക റെയ്ഡിൽ 19 ഉദ്യോഗസ്ഥടക്കം 21 പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ അറസ്റ്റിലായ പ്രതികളിൽ ഗവൺമെന്റ് ജീവനക്കാരുമുണ്ട്. പ്രതിരോധ മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സൗദി വനിതകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായവരിൽ ഒരാൾ. ഇയാൾ പതിനേഴ് അഴിമതി, കൈക്കൂലി കേസുകളിലും പ്രതിയാണ്. വിദേശ നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് അനധികൃതമായി ക്രഷര്‍ ലൈസന്‍സ് അനുവദിച്ചതിന് 16,25,000 റിയാല്‍ കൈക്കൂലി വാങ്ങിയ വ്യവസായ, ധാതുവിഭവ മന്ത്രാലയ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ വിദേശ നിക്ഷേപകനും അറസ്റ്റിലായിട്ടുണ്ട്.
പ്രമാണമില്ലാത്ത കൃഷിഭൂമി നിരപ്പാക്കാനുള്ള ഉത്തരവ് റദ്ദാക്കുന്നതിന് പകരമായി കൈക്കൂലിയായി 85,000 റിയാല്‍ വാങ്ങിയ സൗദി പൗരനായ ഒരു ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഉ പണം കൈപ്പറ്റിയ രണ്ട് നഗരസഭാ ജീവനക്കാരും പിടിയിലായിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിന് നിയമവിരുദ്ധമായി ടെന്‍ഡര്‍ നല്‍കിയതിന് 1,95,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച മറ്റൊരു നഗരസഭാ ഉദ്യോഗസ്ഥനും അറസ്റ്റിലായി.
സമുദ്രജല ശുദ്ധീകരണ പ്ലാന്റുമായി കരാറിലേര്‍പ്പെട്ട സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ 35,000 റിയാല്‍ കൈക്കൂലി വാങ്ങിയ വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്റ് ഡയറക്ടറെയും റെയ്ഡിനെ തുടർന്ന് അറസ്റ്റ് ചെയ്തു.
നഗരസഭാ പദ്ധതി കരാര്‍ നടപ്പാക്കിയ വകയിലെ കുടിശ്ശികയായ 83,03,000 റിയാല്‍ നിയമ വിരുദ്ധ രീതിയില്‍ വിതരണം ചെയ്യാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന് പകരമായി കൈക്കൂലിയായി ആവശ്യപ്പെട്ട 2,40,000 റിയാലില്‍ നിന്ന് മുന്‍കൂറായി 30,000 റിയാല്‍ സ്വീകരിച്ച മറ്റൊരു നഗരസഭാ ജീവനക്കാരനെയും അതോറിറ്റി അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാണിജ്യ സ്ഥാപനത്തിന് ക്രമരഹിതമായി പെര്‍മിറ്റ് അനുവദിച്ചതിന് പകരമായി 10,430 റിയാല്‍ കൈപ്പറ്റിയതിന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനും സര്‍ക്കാര്‍ ആശുപത്രിക്ക് ഭക്ഷണം നല്‍കുന്നതിന്റെ കരാറ്റേറ്റെടുത്ത കാറ്ററിംഗ് കമ്പനിയില്‍ നിന്ന് 12,000 റിയാല്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും വിദേശിയുടെ വിവാഹ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് പകരമായി കൈക്കൂലി കൈപ്പറ്റിയതിന് ഗവര്‍ണറേറ്റ് ഉദ്യോഗസ്ഥനും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തപ്പെട്ടവരുടെ പട്ടികയില്‍ നിന്ന് സൗദി പൗരന്റെ പേര് നീക്കം ചെയ്യുന്നതിന് പകരമായി കൈക്കൂലി സ്വീകരിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് കോടതി ഉദ്യോഗസ്ഥനും അറസ്റ്റിലായി.
കസ്റ്റംസ് പിടിച്ചെടുത്ത ഏതാനും വസ്തുക്കള്‍ എയര്‍പോര്‍ട്ടിലെ ജോലി സ്ഥലത്തുനിന്ന് തട്ടിയെടുത്തതിന് സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. നഗരസഭാ പദ്ധതി നടപ്പാക്കിയ വകയിലെ കുടിശ്ശിക തുക ക്രമരഹിതമായി വേഗത്തില്‍ വിതരണം ചെയ്യുന്നതിന് സ്വകാര്യ കമ്പനി ജീവനക്കാരനായ വിദേശിയില്‍ നിന്ന് തനിക്കും കുടുംബാംഗങ്ങള്‍ക്കും വിമാന ടിക്കറ്റുകള്‍ സ്വീകരിച്ച നഗരസഭാ ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന് കൈക്കൂലിയായി ടിക്കറ്റുകള്‍ നല്‍കിയ വിദേശിയും അറസ്റ്റിലായി.
വ്യാപാര സ്ഥാപനത്തില്‍ പരിശോധനകള്‍ നടത്തി 7,500 റിയാലും പുകയില ഉല്‍പ്പന്നങ്ങളും തട്ടിയെടുത്തതിന് നഗരസഭയില്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്ന ജീവനക്കാരന്‍ അറസ്റ്റിലായി. സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിന് പകരമായി കൈക്കൂലി സ്വീകരിച്ചതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു.
ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സിനായി പരീക്ഷക്ക് ഹാജരാകാതെ തന്നെ ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസ് പരീക്ഷ പാസാക്കാമെന്ന് വാദ്ഗാനം ചെയ്ത് ഒരാളില്‍ നിന്ന് കൈക്കൂലി സ്വീകരിച്ച ആരോഗ്യ മന്ത്രാലയ ജീവനക്കാരനായ പ്രവാസിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടല്‍ പെര്‍മിറ്റ് റദ്ദാക്കാതിരിക്കുന്നതിന് പകരമായി കൈക്കൂലി കൈപ്പറ്റിയ ഹജ്, ഉംറ മന്ത്രാലയ ഉദ്യോഗസ്ഥനെയും നിയമവിരുദ്ധമായി വൈദ്യുതി കണക്ഷന്‍ നല്‍കിയതിന് പകരമായി പണം കൈപ്പറ്റിയതിതിന് സൗദി ഇലക്ട്രിസിറ്റി കമ്പനി ജീവനക്കാരനെയും അറസ്റ്റ് ചെയ്തതായും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
