സൗദിയില്‍ ശക്തമായ പരിശോധനകള്‍ തുടരുന്നു, ഒരാഴ്ചക്കിടെ പിടിയിലായത് 21,000 ലേറെ നിയമ ലംഘകർ


  ജിദ്ദ: സൗദിയില്‍ നിയമ ലംഘകരെ പിടികൂടാനായുള്ള ശക്തമായ പരിശോധന തുടരുന്നു. വിവിധ സുരക്ഷാ വകുപ്പുകള്‍ ഒരുമിച്ച് പ്രവർത്തിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായത് 21,000 ലേറെ നിയമ ലംഘകർ. 12,439 ഇഖാമ നിയമ ലംഘകർ , 4,650 നുഴഞ്ഞുകയറ്റക്കാർ 4,314 തൊഴില്‍ നിയമ ലംഘകർ എന്നിവർ അടക്കം ആകെ 21,403 പേരാണ് പിടിയിലായത്.

നുഴഞ്ഞുകയറാന്‍ ശ്രമിച്ച 1,874 പേരും പിടിയിലായി. ഇവരിൽ 54 ശതമാനം പേര്‍ എത്യോപ്യക്കാരും 45 ശതമാനം പേര്‍ യെമനികളുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ 36 പേർ പിടിയിലായി. നിയമ ലംഘകര്‍ക്ക് താമസമടക്കമുള്ള സഹായങ്ങൾ എത്തിച്ച 29 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു.

നിലവില്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 29,840 പുരുഷന്മാർ, 1,504 സ്ത്രീകളടക്കം 31,344 നിയമ ലംഘകര്‍ക്കെതിരെയുള്ള നിയമാനുസൃത നടപടികള്‍ പുരോഗമിക്കുകയാണ്. യാത്രാ രേഖകളില്ലാത്ത 23,824 പേരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി എംബസികളുമായും കോണ്‍സുലേറ്റുകളുമായുമെല്ലാം സഹകരിച്ച് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. 2,764 പേര്‍ക്ക് മടക്കയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും നടപടികളെടുക്കുന്നു. ഒരാഴ്ചക്കിടെ 11,849 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ