യു.എ.ഇ യൂണിയൻ ദിനം: റാസൽഖൈമയിൽ 854 തടവുകാർക്ക് മോചനം


റാസൽഖൈമ: യു.എ.ഇയുടെ 54-ാമത് യൂണിയൻ ദിനാഘോഷങ്ങളുടെ ഭാഗമായി റാസൽഖൈമയിലെ ജയിലുകളിൽ നിന്ന് 854 തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു.

തടവുകാരുടെ കുടുംബങ്ങളുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിനും, മോചിതരാകുന്നവർക്ക് ജീവിതം പുനഃക്രമീകരിച്ച് മുന്നോട്ട് പോകാൻ ഒരു യഥാർത്ഥ അവസരം നൽകുന്നതിനുമുള്ള ശൈഖ് സൗദിന്റെ പ്രതിബദ്ധതയാണ് ഈ മാപ്പിലൂടെ പ്രതിഫലിക്കുന്നത്.

ഈ ഉത്തരവ് നടപ്പാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും റാസൽഖൈമ പോലീസുമായി സഹകരിച്ച് വേഗത്തിൽ പൂർത്തിയാക്കണമെന്ന് റാസൽഖൈമ കിരീടാവകാശിയും ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി നിർദ്ദേശം നൽകി.

നേരത്തെ, യു.എ.ഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ നിന്ന് 2,937 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഉത്തരവിട്ടിരുന്നു. രാജ്യത്തിന്റെ ദേശീയ ആഘോഷത്തോടനുബന്ധിച്ച് ഭരണാധികാരികൾ നടത്തുന്ന ഈ നടപടി തടവുകാർക്ക് പുതിയ ജീവിതം തുടങ്ങാൻ പ്രചോദനമാകാറുണ്ട്.



വളരെ പുതിയ വളരെ പഴയ