ജിദ്ദ: സൗദി സെന്‍ട്രല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് തോതില്‍ കുറച്ചു. റിപ്പോ നിരക്ക് 4.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനവുമായാണ് കുറച്ചിരിക്കുന്നത്.
ആഗോള തലത്തിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പണസ്ഥിരത കാത്തു സൂക്ഷിക്കാനുള്ള ലക്ഷ്യത്തിന് അനുസൃതമായാണ് വായ്പാ നിരക്കുകള്‍ കുറച്ചതെന്ന് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് തോതില്‍ കുറച്ചതിനെ പിന്തുടര്‍ന്നാണ് സൗദി സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്കുകള്‍ കുറച്ചത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറക്കുന്നത്.
പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ആവര്‍ത്തിച്ച് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ മൂന്നു തവണ കുറച്ചിരുന്നു.
ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ അംഗങ്ങള്‍ക്കിടയില്‍ ശക്തമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. രണ്ടു പേര്‍ പലിശ നിരക്ക് കുറക്കുന്നതിനെ എതിര്‍ത്തു. മറ്റൊരു അംഗം 25 ബേസിസ് പോയിന്റിനു പകരം 50 ബേസിസ് പോയിന്റ് തോതില്‍ പലിശ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ടു.
2026 ലും 2027 ലും ഒരു തവണ വീതം പലിശ നിരക്ക് കുറക്കുമെന്ന് ഫെഡറല്‍ റിസര്‍വ് പ്രവചിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പലിശ നിരക്ക് മൂന്നു ശതമാനത്തില്‍ സ്ഥിരമായി തുടരുമെന്ന പ്രതീക്ഷ ഫെഡറല്‍ റിസര്‍വ് പ്രകടിപ്പിച്ചു.
അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുകയാണെന്നും തൊഴില്‍ വിപണി മന്ദഗതിയിലാണെന്നും യു.എസ് സമ്പദ് വ്യവസ്ഥ വളര്‍ച്ചയില്‍ ശ്രദ്ധേയമായ മാന്ദ്യം അനുഭവിക്കുന്നുണ്ടെന്നും ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കി.
സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ പണനയങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്തുടരുന്ന രീതിയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് പാലിക്കുന്നത്.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കും യു.എ.ഇ സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് നിരക്കില്‍ കുറച്ചിട്ടുണ്ട്.
