header-ad

ബഹ്റൈനിലെ അല്‍ നഈമില്‍ സ്ഫോടനത്തിലൂടെ ബാങ്ക് എടിഎം തകര്‍ക്കാൻ ശ്രമം; പ്രതികള്‍ പിടിയില്‍


മനാമ: ബഹ്റൈനിലെ അല്‍ നഈമില്‍ സ്ഫോടനത്തിലൂടെ ബാങ്ക് എ.ടി.എം തകർക്കാൻ ശ്രമം. 19ഉം 23ഉം വയസുള്ള പ്രതികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു ഹസ്സൻ അബ്ദുല്‍ കരിം, അലി അബ്ദുല്‍ ഹുസൈൻ എന്നിവരാണ് പിടിയിലായത്.

ബഹ്റൈനിലെ ഒരു ദേശീയ ബാങ്കിന്റെ എടിഎമ്മിന് നേരെയാണ് പ്രതികള്‍ സ്ഫോടനം നടത്തിയിരിക്കുന്നത്. 

അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്‌ പ്രതിയായ ഹസ്സൻ അബ്ദുല്‍ കരിം ആദ്യം എ.ടി.എമ്മിനുള്ളില്‍ പ്രവേശിച്ച്‌ പെട്രോള്‍ പോലെയുള്ള കത്താൻ സഹായിക്കുന്ന ഒരു ദ്രാവകം ഒഴിക്കുകയായിരുന്നു.

 ശേഷം സ്ഫോടനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ എടിഎമ്മിനുള്ളില്‍ ഒരു ഗ്യാസ് സിലിണ്ടർ കൊണ്ടു വെച്ചു. ഇതിന് പിന്നാലെയാണ് തീകൊളുത്തിയത്.

കൂട്ടു പ്രതിയായ അലി സംഭവത്തിന് മുമ്പായി സ്ഥലത്തെത്തി സാഹചര്യം പരിശോധിക്കുകയും കുറ്റകൃത്യത്തിനാവശ്യമായ ഉപകരണങ്ങള്‍ ഹസന് വാങ്ങി നല്‍കുകയും ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ ഈ കുറ്റകൃത്യം നടത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 

പ്രതികള്‍ സംഭവ ശേഷം സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ