ഷാർജയിൽ പ്രവാസിയായ കണ്ണൂർ സ്വദേശി കടലിൽ മുങ്ങി മരിച്ച നിലയിൽ: കാണാതായിട്ട് ഒരാഴ്ച


ഷാർജ: മലയാളിയെ ഷാർജ ജുബൈൽ ബീച്ചിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുറ്റ്യാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43)യാണ് തെരച്ചിലിൽ കണ്ടെത്തിയത്. 

മൂന്നു വർഷത്തിലേറെയായി അജ്‌മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. 

ഒരാഴ്ചയോളമായി കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്നു പറഞ്ഞ് അജ്‌മാനിലെ ക്യാമ്പിൽ നിന്ന് കമ്പനിയുടെ വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. 

പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈൽ ഫോൺ മ്യൂട്ട് ചെയ്ത‌്‌ മുറിയിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഷാർജ പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞു. മുൻപ് കുവൈത്തിലും ജോലി ചെയ്‌തിരുന്നു. 10 വർഷത്തോളമായി പ്രവാസിയാണ്.

പരേതനായ മാധവൻ്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ, മകൾ: ഇവാനിയ. സജിത്‌കുമാർ (കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക്), ബാബു, ഇന്ദിര, നിഷ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇടപെട്ടിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ