റിയാദ്: സൗദി ദമ്മാമിലെ ജോലി സ്ഥലത്ത് പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു. വയനാട് പൊഴുതന സ്വദേശി പറക്കാടൻ വീട്ടില്‍ ബഷീർ (56) ആണ് നിര്യാതനായത്.
ദമ്മാം സഫയില്‍ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു ബഷീർ. തിങ്കളാഴ്ച ഉച്ചയോടെ കടയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘ കാലമായി ദമ്മാമിലുള്ള ഇദ്ദേഹത്തോടൊപ്പം കുടുംബവും അവിടെയുണ്ട്.
ഭാര്യ: ഖൈറുന്നീസ. മക്കള്‍: അനീഷ, ഹസ്ന, അബ്ഷ. മരുമക്കള്‍: ഷമീർ, നഹ്‌ല. മരണാനന്തര നിയമ നടപടി ക്രമങ്ങള്‍ ദമ്മാമില്‍ പുരോഗമിച്ചു വരികയാണ്.
സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിലാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്. മൃതദേഹം ദമ്മാമില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
