യു എ ഇ: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ ഐ) സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗണ്‍സില്‍ രംഗത്തെത്തി.
തെറ്റായ ഉള്ളടക്കങ്ങള്‍ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകരമായ നടപടിയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
എ ഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണ് സൈബർ സുരക്ഷാ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങള്‍ വലിയ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ദ്രുതഗതിയിലുള്ള വീഡിയോകള്‍, ചിത്രങ്ങള്‍, ഓഡിയോ റെക്കോർഡിംഗുകള്‍ എന്നിവ യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ നിർമ്മിക്കാൻ സാധിക്കുന്നതിനാല്‍, ഇത് പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
ഇത്തരം വ്യാജ കണ്ടന്റുകള്‍ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകള്‍ വർധിക്കുന്നതായാണ് സൈബർ സുരക്ഷാ കൗണ്‍സിലിന്റെ കണ്ടെത്തല്‍.
വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിനും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ വിവരങ്ങളോ ഉള്‍പ്പെട്ട ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും സൈബർ സുരക്ഷാ കൗണ്‍സില്‍ ആവർത്തിച്ചു വ്യക്തമാക്കി.
ഡിജിറ്റല്‍ ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടവും ആധികാരികതയും ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതും നിയമപരമായി കുറ്റകരമാണ്.
ദേശീയ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഉയർന്നു വരുന്ന ഓണ്‍ലൈൻ ഭീഷണികളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജാഗ്രത നിർണായകമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
യു.എ.ഇയില്‍ സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും, പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ പോലും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും സൈബർ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി.
