ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വ്യാപകമായ മഴ ലഭിച്ചു. ഫുജൈറ, ഖോർഫക്കാൻ എന്നീ മേഖലകളിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്. അബുദബി, ദുബൈ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ മിതമായ രീതിയിലും ചിലയിടങ്ങളിൽ നേരിയ തോതിലും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
മഴ പെയ്തതോടെ രാജ്യത്ത് തണുപ്പ് ഗണ്യമായി വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാത്രികാല താപനില 16°C വരെ താഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കൻ മേഖലകളിൽ അടുത്ത കുറച്ച് മണിക്കൂറുകളിൽ കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മഴയും മൂടൽമഞ്ഞും കാരണം റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
