കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോർട്ട് വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.
ഏകീകൃത സർക്കാർ ആപ്പായ 'സഹേല്‍' വഴിയാണ് ഈ സേവനം ലഭ്യമാകുക. ഇതോടെ പാസ്‌പോർട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഇനി മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങള്‍ സന്ദർശിക്കേണ്ടി വരില്ല.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ സിസ്റ്റം വിഭാഗവും റെസിഡൻസി അഫയേഴ്സ് വിഭാഗവും സംയുക്തമായാണ് ഈ സേവനം പുറത്തിറക്കിയത്.
പുതിയ പാസ്‌പോർട്ട് എടുക്കുമ്ബോഴോ വിവരങ്ങളില്‍ മാറ്റം വരുമ്ബോഴോ 'സഹല്‍' ആപ്പ് വഴി അത് സിസ്റ്റത്തില്‍ രേഖപ്പെടുത്താം.
സർക്കാർ ഓഫീസുകളില്‍ നേരിട്ടെത്താതെ തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാം. കുവൈറ്റ് ഗവണ്‍മെന്റിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം.
എങ്ങനെ ഉപയോഗിക്കാം?
നിങ്ങളുടെ ഫോണില്‍ 'സഹേല്‍' ആപ്പ് തുറക്കുക.
ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ തിരഞ്ഞെടുക്കുക.
'Updating Passport Data' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പുതിയ പാസ്‌പോർട്ട് വിവരങ്ങള്‍ നല്‍കി അപ്‌ഡേറ്റ് ചെയ്യുക.
നടപടി ക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനും ഈ നീക്കം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികള്‍ക്ക് അവരുടെ ഇഖാമ പുതുക്കുന്നതിന് പാസ്‌പോർട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.
