ന്യൂഡല്‍ഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളിൽ മാറ്റം വരുത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂൾഡ് സർവീസുകളും ഇന്ന് (മാർച്ച് 4, ബുധൻ) അർദ്ധരാത്രി വരെ റദ്ദാക്കി.
ജിദ്ദയിൽ നിന്ന് പ്രത്യേക രക്ഷാദൗത്യം
സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 350 സീറ്റുകളുള്ള വലിയ വിമാനമായ ബോയിങ് 777 മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ദുബായിലേക്കും എയർ ഇന്ത്യ ഇന്ന് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
മസ്‌കത്ത് സർവീസുകൾ പുനരാരംഭിച്ചു
ഒമാനിലെ മസ്‌കത്തിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് ഭാഗികമായി പുനരാരംഭിച്ചത് പ്രവാസികൾക്ക് ആശ്വാസമായി. മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും വിമാനങ്ങൾ പറന്നുതുടങ്ങി.
യാത്രക്കാർക്ക് ടിക്കറ്റ് ഇളവുകൾ
യാത്ര തടസ്സപ്പെട്ടവർക്കായി എയർ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു:
* തീയതി മാറ്റം: ഫെബ്രുവരി 28-ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാർച്ച് 5 വരെയുള്ള യാത്രകൾക്ക് അധിക നിരക്കില്ലാതെ തീയതി മാറ്റാം.
* റീഫണ്ട്: യാത്ര പൂർണ്ണമായും റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകും.
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തുടർ സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

