header-ad

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ അവശിഷ്ടം വീണതായി സ്ഥിരീകരണം: ഇന്ത്യക്കാരനടക്കം നാല് പേര്‍ക്ക് പരിക്ക്, വിമാന സര്‍വീസുകള്‍ തുടരുന്നു

 


ദുബായ്: ദുബായ് ഇന്‍റർനാഷണല്‍ എയർപോർട്ടിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടം വീണതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ഡ്രോണ്‍ അവശിഷ്ടം വീണ് ആകെ നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരൻ, രണ്ട് ഘാന സ്വദേശികള്‍, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വിമാന സർവീസുകള്‍ സാധാരണ നിലയില്‍

ഡ്രോണുകള്‍ പതിച്ചെങ്കിലും ദുബായ് വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. വിമാനങ്ങള്‍ നിശ്ചയിച്ച പ്രകാരം സാധാരണ നിലയില്‍ സർവീസ് നടത്തുന്നുണ്ടെന്ന് മീഡിയ ഓഫീസ് അറിയിച്ചു. യാത്രക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കില്‍ നാല് ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി യു.കെ മാരിട ടൈം ഏജൻസി. വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഫോടനത്തില്‍ കാർഗോ കപ്പലിന് തീ പിടിച്ചു. 

ഇതേ തുടർ‌ന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ദുബായ് തീരത്തിന് 50 നോട്ടിക്കല്‍ മൈല്‍ അകലെയും കപ്പല്‍ അപകടത്തില്‍ പെട്ടെന്ന് ഏജൻസി അറിയിച്ചു. 

കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അല്‍ ഖൈമ തീരത്തിന് 25 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു കപ്പലും അപകടത്തില്‍ പെട്ടിട്ടുണ്ട്. ഇന്ന് മാത്രം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മേലുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ‌ഇറാന്റെ ആക്രമണ ശ്രമങ്ങള്‍ യുഎഇ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. 8 ഡ്രോണുകള്‍ തകർത്തതയായി കുവൈത്ത് അറിയിച്ചു. 

സൗദിയുടെ അല്‍ ഷൈബ എണ്ണപ്പാടം, പ്രിൻസ് സുല്‍ത്താൻ എയർബേസ് എന്നിവയ്ക്ക് നേരെ നിരന്തരമായി ആക്രമണം തുടരുകയാണ്. ഇതിനിടെ സൗദിയുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ