ദുബായ്: എമിറേറ്റ്സിൽ താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നത് വ്യവസ്ഥാപിതമാക്കുന്നതിന് പുതിയ നിയമം പുറപ്പെടുവിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അൽ മക്തൂം ആണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്.
അനുമതിയില്ലാതെയും ആവശ്യമായ സൗകര്യങ്ങളില്ലാതെയും കെട്ടിട ഉടമകളോ വാടക കരാറുകാരോ ഹൗസിങ് യൂണിറ്റുകളും താമസ മുറികളും മറ്റുള്ളവർക്കായി പങ്കിടുന്നത് തടയുന്നതാണ് നിയമം.
താമസ കേന്ദ്രങ്ങളുടെ നടത്തിപ്പും ഉടമസ്ഥാവകാശവും വ്യവസ്ഥാപിതമായിരിക്കണം. ഷെയറിങ് റൂമുകൾ നിയമാനുസൃതമാക്കുക, നിലവാരം ഉറപ്പാക്കുക, എല്ലാവർക്കും മികച്ച താമസ അന്തരീക്ഷം ഒരുക്കുക, അമിതമായി ആളുകളെ താമസിപ്പിക്കുന്നത് തടയുക തുടങ്ങിയവയാണ് നിയമത്തിന്റെ ലക്ഷ്യങ്ങൾ.
രാജ്യത്ത് വിദേശ തൊഴിലാളികൾ താമസത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നത് ഇത്തരം ഷെയറിങ് ഫ്ലാറ്റുകളാണ്.
ഇവയിൽ കൂടുതലും നടത്തുന്നത് പ്രവാസികള് തന്നെയാണ്. താമസ കെട്ടിടങ്ങൾ ലീസിനും മറ്റും വാങ്ങി ആളുകളെ താമസിപ്പിക്കുന്ന ബിസിനസ് ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
ഭൂവുടമകളുടെയും വാടകക്കാരുടെയും അവകാശങ്ങൾ വ്യക്തമാക്കുകയും ലീസിങ് നിയമങ്ങൾ നിശ്ചയിക്കുകയും അവ ലംഘിക്കുന്നവർക്ക് പിഴ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതാണ് പുതിയ നിയമം.
ന്യായമായ വാടക രീതികളെ പ്രോത്സാഹിപ്പിക്കുകയും ദുബായിയുടെ റിയൽ എസ്റ്റേറ്റ് വിപണിയെ സുസ്ഥിരവും ആകർഷകവുമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നതിന് കൂടിയാണ് 2026 ലെ നിയമം നമ്പർ (4) ഇപ്പോള് പാസാക്കിയത്.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെയും മറ്റ് അധികാരികളുമായും അനുമതിയോടെ ദുബായ് മുനിസിപ്പാലിറ്റിയാണ് പെർമിറ്റുകൾ നൽകുകയും പുതുക്കുകയും ചെയ്യുന്നത്.
കെട്ടിട മാനദണ്ഡങ്ങൾ, പരമാവധി താമസക്കാർ, താമസക്കാർക്കുള്ള സ്ഥലം, മറ്റ് സൗകര്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സാങ്കേതിക ആവശ്യകതകളും നിയമാനുസൃതമായിരിക്കണം.
ഒരു വർഷത്തേക്ക് നൽകുന്ന പെർമിറ്റ് ഓരോ വർഷവും പുതുക്കണം. രണ്ട് വർഷത്തെ പെർമിറ്റിനും കെട്ടിട ഉടമകൾക്ക് അപേക്ഷിക്കാം. പെർമിറ്റ് കാലഹരണപ്പെടുന്നതിന് 30 ദിവസം മുമ്പെങ്കിലും പുതുക്കാൻ അപേക്ഷ നൽകേണ്ടതുണ്ട്.
ഉടമയ്ക്കോ ലൈസൻസുള്ള സ്ഥാപനത്തിനോ മാത്രമേ താമസ യൂണിറ്റ് ലീസിന് നല്കാൻ കഴിയൂ. വാടകക്കാർക്കോ മറ്റ് കക്ഷികൾക്കോ അതിന്റെ ഏതെങ്കിലും ഭാഗം സബ് ലീസ് ചെയ്യാൻ അനുവാദമില്ല.
സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ യൂണിറ്റുകളും പാലിക്കണം. നിയമ ലംഘകർക്ക് 500 മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ ഉയരാം. കെട്ടിടങ്ങൾ ഉപയോഗിക്കുന്നത് താല്ക്കാലികമായി തടയുക,
യൂണിറ്റുകൾ ഒഴിപ്പിക്കാൻ ഉത്തരവിടുക, പെർമിറ്റ് റദ്ദാക്കുക, വൈദ്യുതി ഉൾപ്പെടെയുള്ള പൊതുസേവനങ്ങൾ തടയുക തുടങ്ങിയ നടപടികളും ആവശ്യാനുസരണം മുനിസിപ്പാലിറ്റിക്ക് കൈക്കൊള്ളാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഭൂവുടമകളുടെയും വാടകക്കാരുടെയും ഉത്തരവാദിത്തങ്ങളും നിയമം വിശദീകരിക്കുന്നു.
എല്ലാ യൂണിറ്റുകൾക്കും മതിയായ സുരക്ഷയും അഗ്നിരക്ഷാ സംവിധാനങ്ങളും വൈദ്യുതി, ശുചിത്വം എന്നിവയും ഉണ്ടായിരിക്കണം.
താമസ കെട്ടിടങ്ങളുടെ ഗുണനിലവാരവും സുരക്ഷയും നിലനിർത്തിക്കൊണ്ട് ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു സന്തുലിത വ്യവസ്ഥ കൊണ്ടുവരികയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.

