ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖമനേയിയുടെ വധത്തിന് പകരമായി ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടി നൽകുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് (ഐആർജിസി) പ്രഖ്യാപിച്ചു. പ്രതികാര ഓപ്പറേഷൻ ഉടൻ ആരംഭിക്കുമെന്നും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും ഇസ്രയേൽ അധിനിവേശ കേന്ദ്രങ്ങളുമായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഖമനേയിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനേയിയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നെങ്കിലും ഇറാൻ ഇത് ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
യുദ്ധഭീതിയിൽ പശ്ചിമേഷ്യ:
ആണവ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 87 പേർ കുട്ടികളാണ്. ടെഹ്‌റാനിലെയും മിനാബിലെയും സ്കൂളുകൾക്ക് നേരെയും മിസൈൽ ആക്രമണമുണ്ടായി. 747 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആശങ്കയിൽ മലയാളി ലോകം:
ഇറാൻ തിരിച്ചടി ആരംഭിച്ചതോടെ ഗൾഫ് മേഖലയിലാകെ യുദ്ധഭീതി പടർന്നിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ ഇതോടെ കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്. പലയിടങ്ങളിലും മലയാളികളടക്കമുള്ള പ്രവാസികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്തുടങ്ങി. പശ്ചിമേഷ്യയിലെ ഈ അസ്ഥിരത കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

