ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറേബ്യ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗദി ആരാംകോയ്ക്ക് നേരെ ഇറാന്റെ ആക്രമണം.
ദമ്മാമിനടുത്തുള്ള റാസ് തനൂറയിലെ എണ്ണ ശുദ്ധീകരണ ശാല ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തെതുടര്‍ന്ന് എണ്ണ ശുദ്ധീകരണ ശാല താല്ക്കാലികമായി അടച്ചിട്ടുണ്ട്. ഡ്രോണ്‍ ആക്രമണം നടന്നതായി സൗദി സ്‌റ്റേറ്റ് ടെലിവിഷനും സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിലൊന്നാണ് ആരാംകോയുടെ റാസ് തനുര റിഫൈനറി. പ്രതിദിനം 5.5 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ഈ റിഫൈനറിക്ക് ശേഷിയുണ്ട്. 1945ലാണ് സ്ഥാപിതമായത്. ഗള്‍ഫ് മേഖലയിലെ എണ്ണ കയറ്റുമതിയില്‍ നിര്‍ണായകമാണ് ഈ കേന്ദ്രം.
ബ്രെന്റ് ക്രൂഡ് വില കുതിച്ചുയരാന്‍ റാസ് തനുരയിലെ റിഫൈനറിയുടെ അടച്ചിടല്‍ വഴിയൊരുക്കും. ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
സുരക്ഷ മുന്‍കരുതല്‍ ശക്തിപ്പെടുത്തിയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നുമാണ് അധികൃതരുടെ വാദം.
രണ്ടും കല്പിച്ച് ഇറാന്‍
അയല്‍രാജ്യങ്ങള്‍ക്ക് ചെറിയ കാലയളവില്‍ കഴിയുന്നത്ര നാശനഷ്ടം വരുത്തുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഇറാന്‍ മുന്നോട്ടു പോകുന്നത്. ആദ്യ ഘട്ടത്തില്‍ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണങ്ങള്‍. എന്നാല്‍ ഇപ്പോഴത് ജനവാസ കേന്ദ്രങ്ങളയും പ്രധാന വാണിജ്യ മേഖലകളെയും ലക്ഷ്യമിട്ടായി മാറിയിട്ടുണ്ട്.
സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇറാനോട് മൃദു സമീപനം കൈക്കൊണ്ടിരുന്ന ഗള്‍ഫ് മേഖലയില്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. ഇറാനെതിരേ സാധാരണക്കാരുടെ ഇടയില്‍പ്പോലും വികാരം ശക്തമായതായി വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി യുഎസിനെയും ഇസ്രയേലിനെയും പ്രതിരോധത്തിലാക്കാനാണ് ടെഹ്‌റാന്റെ നീക്കമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
എണ്ണവില കുതിച്ചേക്കും
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്കു കപ്പലുകളുടെ സഞ്ചാരം രണ്ടുദിവസം കൊണ്ട് തീര്‍ത്തും കുറഞ്ഞിട്ടുണ്ട്. ഈ വഴിയുള്ള ഗതാഗതം തടയില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയെങ്കിലും ഷിപ്പിംഗ് കമ്പനികള്‍ ജാഗ്രതയിലാണ്.
സംഘര്‍ഷം വര്‍ധിച്ചതോടെ എണ്ണവില ഉയരുന്നതിന്റെ വേഗത വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്രൂഡ് വില 90 ഡോളറിലേക്ക് എത്തുമെന്നാണ് നിഗമനം.

