സൗദിയിലെ ദമ്മാമിൽ സ്കൂൾ വാഹനം പാർക്ക് ചെയ്ത ശേഷം ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ഇറക്കാൻ മറന്നുപോയ ഡ്രൈവറുടെ ഗുരുതരമായ അനാസ്ഥയിൽ നിന്നും വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. കടുത്ത വേനലിൽ അടച്ചിട്ട വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത് വിദ്യാലയത്തിലെ എസ്.എം.എസ് (SMS) അലേർട്ട് സംവിധാനത്തിന്റെ കൃത്യത ഒന്നുകൊണ്ട് മാത്രമാണ്.
കുട്ടി സ്കൂളിൽ എത്തിയില്ലെന്ന സന്ദേശം മൊബൈലിൽ ലഭിച്ചതോടെ രക്ഷിതാക്കൾ ഉടൻ തന്നെ സ്കൂൾ അധികൃതരെയും വാഹനത്തിന്റെ റെസ്പോൺസിബിൾ പേഴ്സണെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ ശക്തമായ ഇടപെടലിനൊടുവിൽ ഡ്രൈവർ തിരിച്ചെത്തി വാഹനം പരിശോധിച്ചപ്പോഴാണ് സീറ്റിൽ ഭയന്നു കരയുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടികളെ ഇറക്കിയ ശേഷം സ്കൂളിനടുത്തുള്ള മൈതാനത്ത് വാഹനം ലോക്ക് ചെയ്ത് നിർത്തിയിട്ട് ഡ്രൈവർ സ്വന്തം മുറിയിലേക്ക് പോയിരുന്നു. നിലവിൽ ദമ്മാമിൽ ഉച്ചയ്ക്ക് 50 ഡിഗ്രിയോളമാണ് താപനില. കൃത്യം 15 വർഷം മുൻപ് ഇതേ ദിവസം (ജൂൺ 15-ന്) സമാനമായ രീതിയിൽ വാഹനത്തിനുള്ളിൽ അകപ്പെട്ട് കണ്ണൂർ സ്വദേശികളായ ദമ്പതികളുടെ അഞ്ചുവയസ്സുകാരി മകൾ ഫിദ മോൾ ദാരുണമായി മരണപ്പെട്ടിരുന്നു. അന്ന് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനമാണ് ഇപ്പോൾ മറ്റൊരു കുഞ്ഞിന് കാവലായത്.
