കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലെ ഗ്രോസറികളും സൂപ്പർ മാർക്കറ്റുകളും കേന്ദ്രീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാരെന്ന വ്യാജേന വൻ കവർച്ച നടത്തിവന്ന നാലംഗ തട്ടിപ്പ് സംഘത്തെ പിടികൂടി.
സാല്‍മിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ജനറല്‍ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരാണ് ഈ സംഘത്തെ പിടികൂടിയത്. സിനിമകളെ വെല്ലുന്ന രീതിയില്‍ ഔദ്യോഗിക പരിശോധനയെന്ന വ്യാജേനയാണ് ഇവർ വിവിധയിടങ്ങളില്‍ തട്ടിപ്പ് നടത്തിയിരുന്നത്.
യഥാർത്ഥ സർക്കാർ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന രീതിയിലുള്ള വസ്ത്ര ധാരണവും പെരുമാറ്റവുമായിട്ടാണ് പ്രതികള്‍ കടകളില്‍ എത്തിയിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
മിന്നല്‍ പരിശോധന നടത്തുകയാണെന്ന് പറഞ്ഞാണ് സംഘം കടകളില്‍ എത്തുന്നത്. ലൈസൻസിലും വില്‍പനയ്ക്ക് വെച്ചിരിക്കുന്ന സാധനങ്ങളിലും നിയമ ലംഘനങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.
ഇവരുടെ ഔദ്യോഗിക പദവി വ്യാജമാണെന്ന് തിരിച്ചറിയാതെ, കടയുടമകളും ജീവനക്കാരും പരിശോധനയോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്തിരുന്നു. ഈ അവസരം മുതലാക്കിയാണ് സംഘം ആസൂത്രിതമായി മോഷണം നടത്തിയിരുന്നത്.
കടകള്‍ക്കുള്ളില്‍ പ്രവേശിക്കുന്ന പ്രതികള്‍ നിയമ ലംഘനങ്ങളുടെ പേരില്‍ 'സാധനങ്ങള്‍ കണ്ടുകെട്ടുന്നു' എന്ന വ്യാജേന വിലകൂടിയതും വിപണിയില്‍ വേഗത്തില്‍ വിറ്റഴിയുന്നതുമായ സിഗരറ്റുകള്‍, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, ഇ--സിഗരറ്റുകള്‍ എന്നിവ വലിയ തോതില്‍ ശേഖരിക്കുകയായിരുന്നു പതിവ്.
തുടർന്ന് ഈ സാധനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ കയറ്റി സ്ഥലം വിടും. ഉദ്യോഗസ്ഥർ പോയതിന് ശേഷം മാത്രമാണ് തങ്ങള്‍ വലിയൊരു തട്ടിപ്പിനിരയായ വിവരം കടയുടമകള്‍ തിരിച്ചറിഞ്ഞിരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാനമായ രീതിയിലുള്ള നിരവധി പരാതികള്‍ ഒന്നിനു പുറകെ ഒന്നായി ഉയർന്നു വന്നതോടെയാണ് ഈ വൻ തട്ടിപ്പ് പുറത്തറിയുന്നത്.
ഒരേ രീതിയിലുള്ള മോഷണ വിവരങ്ങള്‍ ലഭിച്ചതോടെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഒന്നിച്ച് വലയിലാക്കിയത്. ഇവർക്കെതിരെ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
