അബുദാബി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വൻ ഇടിവിനെ തുടർന്ന് അടുത്ത മാസം യുഎഇയിൽ ഇന്ധനവില കുറയാൻ സാധ്യത. അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിലെത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞത്.
ഈ മാസത്തിന്റെ തുടക്കം മുതൽ പരിശോധിക്കുമ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 11 ഡോളറിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സമാധാന കരാർ വാർത്ത പുറത്തുവന്ന ദിവസം രാവിലെ മാത്രം വിലയിൽ നാല് ശതമാനത്തിലധികം (ബാരലിന് 3.7 ഡോളർ) ഇടിവാണുണ്ടായത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയിലുണ്ടായിരുന്ന യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചതുമാണ് ഇന്ധനവില ഉയരാൻ കാരണമായിരുന്നത്. ജൂൺ മാസത്തിൽ തുടർച്ചയായ നാലാം മാസമാണ് യുഎഇയിൽ പെട്രോൾ വില വർദ്ധിച്ചത്. മുൻ മാസത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തോളം വർദ്ധനവാണ് ജൂണിൽ രേഖപ്പെടുത്തിയത്. നിലവിൽ സൂപ്പർ 98 ന് ലിറ്ററിന് 3.95 ദിർഹവും, സ്പെഷ്യൽ 95 ന് 3.83 ദിർഹവും, ഇ-പ്ലസ് 91 ന് 3.76 ദിർഹവുമാണ് നിരക്ക്.
യുഎഇയിൽ 2015 മുതൽ ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞതിനു ശേഷം, ആഗോള വിപണിയിലെ നിരക്കുകൾക്ക് അനുസൃതമായി എല്ലാ മാസവും അവസാനമാണ് പെട്രോൾ, ഡീസൽ നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്. അതിനാൽ തന്നെ നിലവിലെ ആഗോള വിപണിയിലെ വിലക്കുറവ് അടുത്ത മാസത്തെ ആഭ്യന്തര നിരക്കുകളിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു
.jpg)