സൗദി അറേബ്യയിലെ ഹഫൂഫിലുള്ള കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച കേസിൽ മലയാളി നഴ്സിനും ഈജിപ്ഷ്യൻ ഡോക്ടർക്കും റിയാദ് അപ്പീൽ കോടതി കടുത്ത സാമ്പത്തിക ശിക്ഷ വിധിച്ചു. രണ്ടുപേരും ചേർന്ന് മരണപ്പെട്ട രോഗിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം റിയാൽ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
രോഗിയുടെ ആരോഗ്യനില വഷളാകുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ അയച്ച ഔദ്യോഗിക മൊബൈൽ സന്ദേശങ്ങൾ കൃത്യസമയത്ത് ശ്രദ്ധിക്കാതിരുന്നതാണ് മലയാളി നഴ്സിന് വിനയായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രവാസലോകത്തെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ ഔദ്യോഗിക ആശയവിനിമയങ്ങളിൽ പുലർത്തേണ്ട ജാഗ്രതയെ ഓർമ്മിപ്പിക്കുന്നതാണ് ഈ വിധി
