മദീന: ഹജ്ജ് കർമത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ തീർഥാടകർ മദീനയിലെത്തിത്തുടങ്ങി. മുംബൈയിൽ നിന്നുള്ള 402 പേരടങ്ങിയ ആദ്യ ഹജ്ജ് സംഘത്തിന് ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരി എന്നിവരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി.
സൗദി ഹജ്ജ്-ഉംറ മന്ത്രാലയ ഉപമന്ത്രിമാരായ പ്രൊഫ. അബ്ദുൽ അസീസ് എ. വസ്സാൻ, എൻജി. അയാദ് അബ്ദുറഹ്‌മാൻ റഹ്ബിനി എന്നിവരും മറ്റ് മുതിർന്ന സൗദി ഉദ്യോഗസ്ഥരും മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ തീർഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു.
പരമ്പരാഗതമായി ഹാജിമാരെ സ്വീകരിക്കാറുള്ള സ്വാഗത ഗാനങ്ങൾ ആലപിച്ചു കൊണ്ടും സംസം തീർഥജലവും ഈന്തപ്പഴവും നൽകിയാണ് തീർഥാടകരെ സ്വീകരിച്ചത്. ആദ്യ ദിവസമായ ശനിയാഴ്ച ഇന്ത്യയിൽ നിന്ന് പത്ത് വിമാനങ്ങളിലായി മൊത്തം 3860 തീർഥാടകരാണ് മദീനയിലെത്തിയത്.
കൊൽക്കത്തയിൽ നിന്ന് രണ്ട് വിമാനങ്ങളിൽ 700 പേരും ഗുവാഹാട്ടിയിൽ നിന്ന് 326 പേരും ഡൽഹിയിൽ നിന്ന് 810 പേരും ശനിയാഴ്ച ഉച്ചയോടെ മദീനയിലെത്തി. വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നും തീർഥാടകരെത്തി.
എട്ട് ദിവസമാണ് തീർഥാടകർ മദീനയിൽ കഴിയുക. മദീന സന്ദർശനം പൂർത്തിയാക്കുന്ന തീർഥാടകർ പിന്നീട് മക്കയിലേക്ക് പോകും.
ഹജ്ജ് നിർവഹിച്ച ശേഷം ജിദ്ദ വിമാനത്താവളം വഴിയാണ് മദീനയിൽ വന്നിറങ്ങുന്ന തീർഥാടകരുടെ നാട്ടിലേക്കുള്ള മടക്കം. കേരളത്തിൽനിന്നുള്ള തീർഥാടകരുടെ ആദ്യസംഘം കൊച്ചിയിൽ നിന്ന് ഈമാസം 30 മുതൽ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിത്തുടങ്ങും.

