യുകെ: മൂന്ന് വയസുകാരനെ മുതലക്കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷെയറിലുള്ള മൃഗശാലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
കുളത്തിലേക്ക് വീണ മൂന്ന് വയസുകാരനെ ചീങ്കണ്ണികള്‍ ആക്രമിച്ചെങ്കിലും ജീവനക്കാരിയുടെ സമയോചിത ഇടപെടലിനെ തുടർന്ന് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
നിലവില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
മാനസിക വെല്ലുവിളി നേരിടുന്ന ആളുകളെ മൃഗശാല സന്ദർശനത്തിന് എത്തിച്ചതായിരുന്നു. ഇവർക്കൊപ്പം രണ്ട് കെയർടേക്കർമാർ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ അശ്രദ്ധയാണ് സംഭവം ഉണ്ടാകാൻ കാരണമെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
നടപ്പാതയിലൂടെ പോവുകയായിരുന്ന കുട്ടിയെ പ്രതി പെട്ടെന്ന് സുരക്ഷാ വേലിക്ക് മുകളിലൂടെ 15 അടി താഴ്ചയിലുള്ള മുതല കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സിമന്റ് തറയില്‍ വീണ കുട്ടി ഉരുണ്ട് വെള്ളത്തിലേക്ക് വീഴുകയും അവിടെയുണ്ടായിരുന്ന ചീങ്കണ്ണികളില്‍ ഒന്ന് കുട്ടിയെ ആക്രമിക്കുകയും ചെയ്തു.
നിലവിളി കേട്ട് ഓടിയെത്തിയ മൃഗശാല ഉടമയായ 55കാരി ട്രേസി ജോണ്‍സനാണ് ഒട്ടും സമയം കളയാതെ മുതലക്കുളത്തിലേക്ക് ചാടിയിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഒൻപത് മുതല്‍ പതിനൊന്ന് അടി വരെ നീളമുള്ള പതിനഞ്ചോളം ചീങ്കണ്ണികളും മുതലകളും ഉള്ള കുളത്തിലേക്കാണ് ഇവർ സ്വന്തം ജീവൻ പണയപ്പെടുത്തി ഇറങ്ങിയത്. കുളത്തിലേക്ക് ഇറങ്ങിയ ഉടൻ തന്നെ ചീങ്കണ്ണിയുടെ പിടിയില്‍ നിന്നും കുട്ടിയെ അതിസാഹസികമായി വാരിയെടുത്ത് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയർ ആംബുലൻസ് മാർഗമാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ കൈയും ഇടുപ്പെല്ലും ഒടിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേംബ്രിഡ്ജ്ഷെയർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

