പ്രവാസികൾക്ക് ‘വമ്പൻ’ ഓഫറുമായി യുഎഇ ബാങ്കുകൾ: മികച്ച നിരക്കിൽ സ്വദേശികൾക്കും വിദേശികൾക്കും വായ്പകൾ ലഭ്യം


 ദുബായ്∙ പലിശ നിരക്കു കുറച്ചു വായ്പകൾ നൽകാൻ യുഎഇയിലെ ബാങ്കുകൾ. സ്വദേശികൾക്കും വിദേശികൾക്കും കുറഞ്ഞ നിരക്കിൽ വായ്പ എടുക്കാം. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വരുമാനം അനുസരിച്ചു 2.6 മുതൽ 4.5 ശതമാനം വരെയായിരിക്കും വാർഷിക പലിശ. 

ആദ്യ ഗഡു തിരിച്ചടയ്ക്കുന്നതിന് 6 മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. വായ്പകൾക്കുള്ള ഇൻഷുറൻസിന്റെ അധിക നിരക്കും ഒഴിവാക്കി കൊടുക്കാൻ ബാങ്കുകൾ തയാറാണ്. ബാങ്കുകളുടെ വേനൽ, അവധിക്കാല സീസണുകളുമായി ബന്ധപ്പെട്ടാണു പുതിയ പ്രമോഷനുകൾ പ്രഖ്യാപിച്ചത്. 

അതേസമയം, പലിശ നിരക്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ബന്ധപ്പെട്ടവരുമായി സംസാരിച്ചു നിവാരണം ചെയ്ത ശേഷമായിരിക്കണം വായ്പകൾക്ക് അപേക്ഷിക്കേണ്ടത്.

പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ തളർന്ന സാമ്പത്തിക രംഗത്തെ ഊർജസ്വലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഊർജിത വായ്പ മേള. അടവുകൾക്ക് സാവകാശം ലഭിക്കുന്നതും ഇടപാടുകാർക്ക് ആശ്വാസമാണ്. ആദ്യ അടവിനു ചില ബാങ്കുകൾ ഏഴു മാസം വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്.

 ഇടപാടുകാരന്റെ വേതനത്തിന്റെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാണു ബാങ്കുകൾ പലിശ നിരക്കു നിശ്ചയിക്കുന്നത്. പലിശ നിരക്ക് സ്ഥിരമാണോ അടയും തോറും കുറയുന്നതാണോ എന്നതും വായ്പ എടുക്കും മുൻപ് ഉറപ്പാക്കണമെന്നും ബാങ്ക് അധികൃതർ നിർദേശിച്ചു.

വളരെ പുതിയ വളരെ പഴയ