പശ്ചിമേഷ്യൻ സമാധാനക്കരാർ അട്ടിമറിച്ച് ഇസ്രയേൽ ആക്രമണം ലബനനിലേക്ക് വ്യാപിപ്പിച്ചു


 തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാനക്കരാർ അട്ടിമറിച്ച് ലബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ കഫാർ തെബ്നിത്, സബാദിൻ തുടങ്ങിയ ജനവാസ മേഖലകളിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ സമാധാനക്കരാർ അന്തിമമായി ഒപ്പിടാനിരിക്കെയാണ് ലബനന്റെ സമുദ്രാതിർത്തികളിലേക്കും വാതകനിക്ഷേപങ്ങളിലേക്കും അധിനിവേശം വ്യാപിപ്പിക്കാൻ ഇസ്രയേൽ നീക്കം നടത്തുന്നത്.

ഗാസയ്ക്ക് സമാനമായി സൈനിക അധിനിവേശം ഉറപ്പിക്കുന്നതിനായി ലബനൻ അതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ ഉള്ളിലേക്ക് വരെ സൈന്യത്തെ വിന്യസിച്ചുകൊണ്ടുള്ള യെല്ലോ ലൈൻ ഭൂപടം ഇസ്രയേൽ പുറത്തുവിട്ടിട്ടുണ്ട്. ലബനന്റെ അവകാശത്തിലുണ്ടായിരുന്ന ഖാന പ്രകൃതിവാതക പദ്ധതി സ്ഥിതിചെയ്യുന്ന കടൽമേഖല കൂടി കൈക്കലാക്കുകയാണ് ഇതിലൂടെ ഇസ്രയേൽ ലക്ഷ്യമിടുന്നത്. ലബനനിലെ വെടിനിർത്തൽ അനിവാര്യമാണെന്ന ഇറാന്റെ വാദം സമാധാന ഉടമ്പടിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്രയേൽ ഇത് ലംഘിച്ചതോടെ സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന നിർണായക ചർച്ചകൾ നിർത്തിവെക്കേണ്ടി വന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ തങ്ങളുടെ പ്രതിനിധിസംഘത്തെ ജനീവയിലേക്ക് അയക്കാൻ വിസമ്മതിക്കുകയായിരുന്നു.

അതേസമയം ലബനനിലേക്ക് കൂടുതൽ കടന്നുകയറാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ നീക്കത്തെ ഹിസ്ബുള്ള ശക്തമായി പ്രതിരോധിച്ചു. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇസ്രയേലി ടാങ്കുകളെയും സൈനികരെയും ഹിസ്ബുള്ള തുരത്തി. ഈ പ്രതിരോധത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ലബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ലബനനിലെ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് നോയൽ ബാരറ്റ് അഭ്യർഥിച്ചു.

ഇതിനിടെ ഇസ്രയേലും ഹിസ്ബുള്ളയും വീണ്ടും വെടിനിർത്തലിന് ധാരണയായതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. വെടിനിർത്തൽ നിലവിൽവന്നതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

 

വളരെ പുതിയ വളരെ പഴയ