അബുദാബി: സ്‌കൂള്‍ ഫീസ് കുടിശിക വരുത്തിയതിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിക്കാൻ പാടില്ലെന്ന് സ്വകാര്യ സ്‌കൂളുകള്‍ക്ക് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) കർശന നിർദേശം.
ഫീസ് അടക്കാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുമ്പോഴും പരീക്ഷകൾ എഴുതാൻ വിദ്യാർഥികൾക്ക് പൂർണ അവകാശമുണ്ടെന്നും ഇതു തടയാൻ മാനേജ്മെന്റുകൾക്ക് അധികാരമില്ലെന്നും അഡെക് അധികൃതർ വ്യക്തമാക്കി. കുടിശികയുള്ള രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പായി സ്കൂളുകൾ കൃത്യമായ മാർഗ നിർദേശങ്ങൾ പാലിക്കണം.
ഫീസ് കുടിശികയുള്ള രക്ഷിതാക്കൾക്ക് ഓരോ ആഴ്ചത്തെയും ഇടവേളകളിൽ തുടർച്ചയായി മൂന്ന് തവണ രേഖാമൂലം മുന്നറിയിപ്പ് നോട്ടീസ് നൽകണം.
ഇതിനു ശേഷവും തുക അടക്കാത്ത പക്ഷം ഒരു അധ്യയന ടേമിൽ ഒരു തവണ മാത്രം, പരമാവധി മൂന്ന് ദിവസത്തേക്ക് വിദ്യാർഥിയെ ക്ലാസിൽ ഇരുത്തുന്നതിൽ നിന്ന് വിലക്കാൻ സ്കൂളുകൾക്ക് അനുമതിയുണ്ട്.
പരീക്ഷാ ഫലങ്ങൾ, ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റുകൾ (ടി.സി) എന്നിവ തടഞ്ഞു വെക്കാനും ഇലക്ട്രോണിക് സ്റ്റുഡന്റ് ഇൻഫർമേഷൻ സിസ്റ്റം (ഇ.എസ്.ഐ.എസ്.) വഴിയുള്ള വിദ്യാർഥികളുടെ മാറ്റം തടയാനും അടുത്ത വർഷത്തേക്കുള്ള പുനർ രജിസ്ട്രേഷൻ നിർത്തിവെക്കാനും സ്കൂളുകൾക്ക് നിയമപരമായി സാധിക്കും.
എന്നാൽ, ഫീസ് അടയ്ക്കാത്തതിനാൽ അടുത്ത വർഷം പ്രവേശനം നൽകില്ലെന്ന കാര്യം അധ്യയന വർഷം അവസാനിക്കുന്നതിന് മൂന്നുമാസം മുമ്പെങ്കിലും രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചിരിക്കണം.
അധ്യയന വർഷത്തിൻ്റെ തുടക്കം മുതൽ എല്ലാ സ്വകാര്യ സ്കൂളുകളും ഈ നയങ്ങൾ പൂർണമായി പാലിച്ചിരിക്കണം. വൈകി ഫീസ് അടക്കുന്നതും കുടിശിക വരുത്തുന്നതുമായി ബന്ധപ്പെട്ട സ്കൂളിന്റെ വ്യക്തവും സുതാര്യവുമായ ഫീസ് കളക്ഷൻ പോളിസികൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്.
യു.എ.ഇയുടെ ദേശീയ സ്വത്വവും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡെക് പുതിയ തന്ത്രപ്രധാന നീക്കങ്ങൾക്ക് രൂപം നൽകിയത്.
ഇമാറാത്തി സംസ്കാരവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക, വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുക, ഭാവി മുന്നിൽക്കണ്ടുള്ള കഴിവുകൾ വികസിപ്പിക്കുക, മികച്ച അധ്യാപകരെ കേന്ദ്രീകരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നീ നാല് മുൻഗണനകൾ അടിസ്ഥാനമാക്കിയാണ് പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തിരിക്കുന്നത്.
