ഷാർജ: പ്രഖ്യാപിത പദ്ധതി പ്രകാരം 650 പുതിയ ഉദ്യോഗാർഥികൾക്ക് നിയമനം നൽകിക്കഴിഞ്ഞു
തൊഴിൽ പ്രഖ്യാപനങ്ങൾക്ക് പുറമെ സർക്കാർ ജീവനക്കാർക്കായി വലിയ ആനുകൂല്യങ്ങളും ഭരണാധികാരി പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാർജയിലെ സ്വദേശികളായ ഉദ്യോഗാർഥികൾക്കായി 3,000 തൊഴിലവസരങ്ങൾ ഒരുക്കുന്ന 2026-ലെ വൻ തൊഴിൽ പദ്ധതിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായിരിക്കും ഈ വർഷം തന്നെ ഇത്രയും നിയമനങ്ങൾ നടത്തുക.
പ്രഖ്യാപിത പദ്ധതിപ്രകാരം 650 പുതിയ ഉദ്യോഗാർഥികൾക്ക് നിയമനം നൽകിക്കഴിഞ്ഞു. ഇതിനു പുറമെ നിലവിൽ നിയമന നടപടികൾ പുരോഗമിക്കുന്ന 200 ഒഴിവുകളിലേക്കും ജൂലൈ 31നകം നികത്തേണ്ട 650 പുതിയ ഒഴിവുകളിലേക്കുമുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശമുണ്ട്.
വരും മാസങ്ങളിൽ, അതായത് ഓഗസ്റ്റ് മുതൽ ഡിസംബർ അവസാനം വരെയുള്ള കാലയളവിൽ 1,500 പുതിയ തസ്തികകൾ കൂടി സൃഷ്ടിച്ച് ഈ വർഷത്തെ ആകെ നിയമനങ്ങൾ മൂവായിരത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
തൊഴിൽ പ്രഖ്യാപനങ്ങൾക്ക് പുറമെ സർക്കാർ ജീവനക്കാർക്കായി വലിയ ആനുകൂല്യങ്ങളും ഭരണാധികാരി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ സർക്കാർ ഏജൻസികളിലെ 1,864 ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം നൽകാനുള്ള തീരുമാനത്തിന് അദ്ദേഹം അനുമതി നൽകി. ഇതിനായി പ്രതിവർഷം നാലരക്കോടിയിലധികം ദിർഹം ചെലവ് വരും.
കൂടാതെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ നേടിയ 125 ജീവനക്കാരുടെ തസ്തികകളും വേതനവും പുതുക്കി നിശ്ചയിക്കാനും ഉത്തരവായിട്ടുണ്ട്. ജോലി അന്വേഷിക്കുന്ന സ്വദേശി യുവാക്കളെ പ്രാപ്തരാക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടിക്കും ഭരണാധികാരി നിർദേശം നൽകി.
ഈ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 410 പൗരന്മാർക്ക് ഈ പദ്ധതി വഴി പ്രത്യേക പരിശീലനം നൽകും.
പരിശീലനത്തിൽ പങ്കാളികളാകുന്നവർക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്കായി ഒരു കോടി 47 ലക്ഷത്തിലേറെ ദിർഹവും നീക്കി വച്ചിട്ടുണ്ട്.
