കുടുങ്ങിപ്പോയ പ്രവാസികൾക്ക് പിഴയില്ലാതെ മടങ്ങാൻ അവസരമൊരുങ്ങി: വീസ നിയമങ്ങളിൽ വൻ ഇളവുമായി യുഎഇ


ദുബായ്∙ മേഖലയിലെ അടിയന്തര സാഹചര്യങ്ങളെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടപ്പോൾ യുഎഇയിൽ കുടുങ്ങിപ്പോയവർക്ക് പിഴ കൂടാതെ താമസം നിയമപരമാക്കാനോ രാജ്യം വിടാനോ 30 ദിവസത്തെ ഇളവ് അനുവദിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). ജൂലൈ 9 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. 

മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ മൂലം യുഎഇ വിട്ടുപോകാൻ കഴിയാതെ വരികയും, തുടർന്ന് ഓവർസ്റ്റേ പിഴയിൽ നിന്ന് നേരത്തെ ഇളവ് ലഭിക്കുകയും ചെയ്തവർക്കാണ് ഈ സുവർണാവസരം. നിലവിൽ മേഖലയിൽ സ്ഥിരത കൈവന്ന സാഹചര്യത്തിലാണ് ഐസിപിയുടെ പുതിയ തീരുമാനം.

 യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഉറപ്പാക്കാനും, പ്രവാസികൾക്ക് ഇവിടെത്തന്നെ തുടർന്ന് ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

 അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്കും താമസക്കാർക്കും താങ്ങാവുക എന്ന യുഎഇയുടെ മാനുഷിക പരിഗണനയാണ് മുൻപ് പിഴ ഒഴിവാക്കാൻ കാരണമായതെന്നും ഐസിപി ചൂണ്ടിക്കാട്ടി. 

പ്രത്യേക നടപടികൾ ആവശ്യമില്ല

ആനുകൂല്യം ലഭിക്കുന്നവർ ഇതിനായി പ്രത്യേക അപേക്ഷകളോ മുൻകൂർ നടപടികളോ പൂർത്തിയാക്കേണ്ടതില്ല.

 യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഈ 30 ദിവസത്തിനകം റസിഡൻസി അല്ലെങ്കിൽ തൊഴിൽ വീസയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാം. മടങ്ങാൻ താൽപര്യമുള്ളവർക്ക് നിലവിലുള്ള സാധാരണ നടപടിക്രമങ്ങളിലൂടെ പിഴയൊന്നും കൂടാതെ നേരിട്ട് രാജ്യം വിടുകയും ചെയ്യാം. 

കഴിഞ്ഞ ഫെബ്രുവരി 28 മുതൽ വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം യുഎഇയിൽ നിന്ന് മടങ്ങാൻ കഴിയാതിരുന്ന സന്ദർശക വീസക്കാർ, എക്സിറ്റ് പെർമിറ്റുള്ളവർ, വീസ റദ്ദാക്കപ്പെട്ട താമസക്കാർ എന്നിവർക്ക് മാർച്ചിലാണ് ഐസിപി പിഴയിളവ് പ്രഖ്യാപിച്ചിരുന്നത്.

 അപ്രതീക്ഷിത പ്രതിസന്ധിയിൽ അകപ്പെട്ടവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനായിരുന്നു ആ നടപടി. നിയമപരമായ വിവരങ്ങൾക്കും പുതിയ നിർദേശങ്ങൾക്കുമായി അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ മാത്രം ആശ്രയിക്കണമെന്ന് ഐസിപി അഭ്യർഥിച്ചു.

വളരെ പുതിയ വളരെ പഴയ