യാത്രാ തടസ്സത്തിൽ കുടുങ്ങിയവർക്ക് ആശ്വാസം: യു.എ.ഇയിൽ 30 ദിവസത്തെ അധിക ഇളവ് പ്രഖ്യാപിച്ചു

 


ദുബൈ: വിമാന സർവീസുകളിലെ അപ്രതീക്ഷിത തടസ്സങ്ങൾ കാരണം യു.എ.ഇയിൽ നിന്ന് നിശ്ചിത സമയത്തിനകം പുറത്തുപോകാൻ കഴിയാതെ കുടുങ്ങിപ്പോയവർക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) 30 ദിവസത്തെ അധിക ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. ഇതോടെ യാത്രാ തടസ്സം മൂലം വിസ കാലാവധി കഴിഞ്ഞ് അനധികൃത താമസ നിലയിലായവർക്ക് യു.എ.ഇയിൽ നിയമപരമായി തുടരാനും താമസ പദവി ക്രമീകരിക്കാനും അവസരം ലഭിക്കും. ജൂൺ 10 മുതൽ ജൂലൈ 9 വരെയുള്ള കാലയളവിലാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുക.

ഈ പ്രഖ്യാപനത്തിലൂടെ യോഗ്യരായ വ്യക്തികൾക്ക് യു.എ.ഇയിൽ തന്നെ തുടരാൻ ആവശ്യമായ തൊഴിൽ വിസയോ മറ്റ് താമസ പദവികളോ നിയമാനുസൃതമാക്കാൻ സാധിക്കും. അതേസമയം ജന്മനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓവർസ്റ്റേ പിഴകൾ (Overstay fine) ഒടുക്കാതെ തന്നെ ആവശ്യമായ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാനും അനുമതിയുണ്ട്. ഈ പ്രത്യേക ഇളവ് ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കുകയോ അധിക നടപടികൾ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

മുൻപ് ഇക്കഴിഞ്ഞ മാർച്ചിലും യാത്രാ നിയന്ത്രണങ്ങൾ കാരണം യു.എ.ഇ വിട്ടുപോകാൻ കഴിയാതിരുന്നവരെ ഓവർസ്റ്റേ പിഴകളിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. വ്യോമാതിർത്തി നിയന്ത്രണങ്ങളും വിമാന സർവീസുകൾ നിർത്തിവെച്ചതുമൂലം ബാധിക്കപ്പെട്ട വിസ ഉടമകൾ, ഡിപ്പാർച്ചർ പെർമിറ്റ് കൈവശമുള്ളവർ, വിസ റദ്ദാക്കിയെങ്കിലും യാത്ര ചെയ്യാൻ കഴിയാതെ രാജ്യത്ത് തുടരേണ്ടി വന്ന താമസക്കാർ എന്നിവർക്കാണ് ഈ പുതിയ യു.എ.ഇ ഇളവുകൾ പ്രധാനമായും പ്രയോജനപ്പെടുക.


വളരെ പുതിയ വളരെ പഴയ