വിമാനയാത്രയിൽ പവർ ബാങ്ക് കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക: പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി

 


ദോഹ: വിമാനയാത്രകളിൽ ലിഥിയം ബാറ്ററികൾ അടങ്ങിയ പവർ ബാങ്കുകൾ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ പരിഷ്കരിച്ച മാനദണ്ഡങ്ങൾ പുറത്തിറക്കി. പവർ ബാങ്കുകൾ എവിടെ സൂക്ഷിക്കണം, വിമാനത്തിനുള്ളിൽ ഉപയോഗിക്കാമോ തുടങ്ങിയ യാത്രക്കാരുടെ പൊതുവായ സംശയങ്ങൾക്കാണ് ഇതിലൂടെ അതോറിറ്റി വ്യക്തത വരുത്തിയിരിക്കുന്നത്.

പുതിയ നിയമപ്രകാരം യാത്രക്കാർക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ കാബിൻ ബാഗേജിൽ കൊണ്ടുപോകാൻ അനുമതിയുള്ളൂ. ഇതിൽ ഓരോന്നിന്റെയും ശേഷി 100 വാട്ട്-അവർ (Wh) കവിയാൻ പാടില്ല. യാതൊരു കാരണവശാലും ചെക്ക്-ഇൻ ലഗേജുകളിൽ പവർ ബാങ്കുകൾ സൂക്ഷിക്കാൻ അനുവദിക്കില്ല. കൂടാതെ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യാനും അനുമതിയുണ്ടാകില്ല.

കേടുപാടുകളോ ഷോർട്ട് സർക്യൂട്ടോ ഉണ്ടാകാത്ത രീതിയിൽ പവർ ബാങ്കുകളുടെ ചാർജിംഗ് ടെർമിനലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യങ്ങളിൽ കാബിൻ ക്രൂവിന് പെട്ടെന്ന് കൈകാര്യം ചെയ്യാൻ പാകത്തിൽ എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന രീതിയിലായിരിക്കണം ഇവ വെക്കേണ്ടത്. മുകളിലെ ഓവർഹെഡ് കമ്പാർട്ടുമെന്റുകളിലോ സൈഡ് ലോക്കറുകളിലോ ഇവ സൂക്ഷിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

യാത്രയ്ക്ക് മുൻപായി അതത് എയർലൈനുകൾ ഏർപ്പെടുത്തിയിട്ടുള്ള മറ്റ് അധിക നിയന്ത്രണങ്ങൾ കൂടി യാത്രക്കാർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അപകടകരമായ വസ്തുക്കളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളോ കാബിൻ ക്രൂവിന്റെ നിർദ്ദേശങ്ങളോ ലംഘിച്ചാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO), ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) എന്നിവയുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

 

വളരെ പുതിയ വളരെ പഴയ