കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും അതുവഴിയുണ്ടാകുന്ന മാനസിക സാമൂഹിക ഡിജിറ്റൽ വെല്ലുവിളികളും കണക്കിലെടുത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് യുഎഇ നിരോധിച്ചു. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പുതിയ പ്രമേയ പ്രകാരം 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമിക്കാനോ ഉപയോഗിക്കാനോ അനുമതിയുണ്ടായിരിക്കില്ല. മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കിൽ പോലും ഈ പ്രായ പരിധിയിലുള്ളവർക്ക് ഇളവ് ലഭിക്കില്ല. ഇതോടെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഇടംപിടിച്ചു.
പുതിയ നിയമപ്രകാരം 15നും 16നും ഇടയിൽ പ്രായമുള്ളവർക്ക് കർശനമായ നിയന്ത്രണങ്ങളോടെയും വിപുലമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയും മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുള്ളൂ. പ്രായം തെളിയിക്കുന്നതിനായി ഡിജിറ്റൽ ഐഡന്റിറ്റി പരിശോധന, ബയോമെട്രിക് ടൂളുകൾ ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ എന്നിവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിർബന്ധമായും ഉപയോഗിക്കണം. സ്വയം സാക്ഷ്യപ്പെടുത്തൽ രീതി ഇനി അനുവദിക്കില്ല. നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ പൂർണമായോ ഭാഗികമായോ ഉള്ള നിരോധനം ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കാൻ കമ്പനികൾക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.
